ബലാക്കോട്ട് ആക്രമണം : വിശദാംശങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് രാജ്യദ്രോഹം കുറ്റം; സമഗ്ര അന്വേഷണം വേണം : എ.കെ ആന്‍റണി

Jaihind News Bureau
Wednesday, January 20, 2021

ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് രാജ്യദ്രോഹം കുറ്റമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. 40 വീരജവാന്മാരുടെ പേരിൽ നടത്തിയ ചാറ്റ് ദുഃഖിപ്പിക്കുന്നതാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും എ.കെ ആന്‍റണി. വിഷയം പാർലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്.

ബലാക്കോട്ട് ആക്രമണം പോലെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം അർണബ് ഗോസ്വാമി എങ്ങനെ അറിഞ്ഞു എന്ന ചോദ്യം പ്രസക്തമാണെന്നും എ.കെ ആന്‍റണി. ബലാക്കോട്ട് ആക്രമണ വിവരങ്ങൾ അറിയാവുന്നത് പ്രധാനമന്ത്രി ഉൾപ്പെടെ 5 പേർക്കാണ്. അതിനാൽ വിവരങ്ങൾ ചോർത്തി നൽകിയത് ഇവരിൽ ആരെങ്കിലുമാകാമെന്നും എ.കെ ആന്‍റണി പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിന്‍ഡെയും വിഷയം അതീവഗൗരവം ഉള്ളതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

രാജ്യത്ത് നിയമ വ്യവസ്ഥയെ പോലും സ്വാധീനിക്കാൻ ബിജെപി നേതാക്കൾ ശ്രമം നടത്തുന്നു എന്ന് മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ് ആരോപിച്ചു.

സർക്കാർ അർണബ് ഗോസ്വാമിയെ നിയന്ത്രിക്കുകയാണോ അതോ അർണബ് സർക്കാരിനെ നിയന്ത്രിക്കുകയാണോ ചെയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.