ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിനെ വെടിവെച്ചതായി സംശയിക്കുന്ന കരസേനാ ജവാന്‍ ജിതേന്ദ്ര മാലിക്കിനെ സൈന്യം തടവിലാക്കി. അവധിക്ക് ശേഷം തിരിച്ചെത്തിയ ഇയാളെ സ്വന്തം യൂണിറ്റ് തടവിലാക്കുകയായിരുന്നു. സംഭവത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ സോപോറിലെ യൂണിറ്റില്‍ തിരിച്ചെത്തിയത്.
സൈന്യത്തില്‍ നിന്ന് അവധിയിലെത്തിയ ഇയാള്‍ ബുലന്ദ്ഷഹര്‍ കലാപസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നു. പിന്നീട് ജമ്മുവിലേക്ക് പെട്ടെന്ന് മടങ്ങുകയായിരുന്നു. സൈന്യത്തിന്‍റെ തടവിലുള്ള ജിതേന്ദ്രയെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.
ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തില്‍ ഇയാളുടെ പങ്ക് സംബന്ധിച്ച് വ്യക്തമാവുകയുള്ളു. ജവാനെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇയാളെ ബുലന്ദ്ഷഹർ ജില്ലാ കോടതിയിൽ ഹാജരാക്കും.