കശ്മീരില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം : ലഷ്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു

Jaihind Webdesk
Tuesday, October 12, 2021

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്ക്  ശക്തമായി തിരിച്ചടി നൽകി സൈന്യം. ലഷ്ക്കർ കമാൻഡർ  അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ഡല്‍ഹിയിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും പിടിയിലായി. ഇതിനിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലുൾപ്പടെ അമ്പത് ഇടങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്

ഇന്നലെ പൂഞ്ചിലെ വനമേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച് വൈശാഖ് അടക്കം അഞ്ച് പേർ മരണപ്പെട്ടിരുന്നു. ഇതോടെ തെരച്ചിൽ വ്യാപകമാക്കിയ സൈന്യം കഴിഞ്ഞ മുപ്പത് മണിക്കൂറിൽ അഞ്ച് ഏറ്റുമുട്ടലുകൾ നടത്തിയാണ് ലഷ്ക്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചത്.

ഷോപ്പിയാനിലെ തുൽറാൻ ഗ്രാമത്തിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ലഷ്ക്കർ കമാൻഡർ മുക്താർ ഷായെ അടക്കം വധിച്ചെന്ന് സുരക്ഷ സേന അറിയിച്ചു. ദി റെസിസ്റ‍്റൻസ് ഫ്രണ്ട് എന്ന പേരിൽ ലഷ്ക്കർ യൂണിറ്റിന് ഇയാൾ നേത്യത്വം നൽകിയിരുന്നത്. അടുത്തിടെ നാട്ടുകാർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഷോപ്പിയാനിലെ ഫിരിപ്പോരിയിൽ നടന്ന ഏറ്റുമുട്ടിലിലാണ് നാലാമത്തെ ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

പൂഞ്ചിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച് മലയാളി സൈനികൻ വൈശാഖ് ഉൾപ്പെടെയുള്ളവർക്ക് സൈന്യം ആദരാഞ്ജലികൾ അർപ്പിച്ചു. രജൗരിയിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.