ജീവൻ അപകടത്തിലാക്കുന്ന തിരച്ചിൽ വേണ്ടെന്ന് അര്‍ജുന്‍റെ സഹോദരി അഞ്ജു; ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തതിൽ വിശദീകരണവുമായി ജില്ലാ കളക്ടർ

 

അങ്കോല: അർജുനായുള്ള തിരച്ചിലിൽ മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തതിൽ വിശദീകരണവുമായി ജില്ലാ കളക്ടർ. ഡ്രഡ്ജിങും ഡൈവിങ്ങും ഒരേ സമയം നടക്കുന്നത് അപകടമായതിനാലാണ് മാൽപെയ്ക്ക് അനുമതി നൽകാത്തതെന്നാണ്  ജില്ലാ കലക്ടർ ലക്ഷ്മിപ്രിയയുടെ വിശദീകരണം. വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അര്‍ജുന്‍റെ  സഹോദരി പറഞ്ഞു.

ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്. എന്നാൽ ഇന്നു നടത്തിയ തിരച്ചിലിലും കാര്യമായ പുരോ​ഗതി ഇല്ലാതെ വന്നതോടെ ദൗത്യം 10 ദിവസത്തേക്ക് കൂടി നീട്ടുകയാണെന്നും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.

അതേസമയം ഇനിയും ജീവന്‍ അപകടത്തിലാക്കുന്ന തിരച്ചില്‍ വേണ്ടെന്നും പലതും മുങ്ങിയെടുത്ത് സമയം കളയരുതെന്നും അര്‍ജുന്‍റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ഒരു കാരണവശാലും ഡ്രഡ്ജിങ് നിര്‍ത്തിവെയ്ക്കേണ്ടിവരരുതെന്നും . നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തിരച്ചിൽ വേണമെന്നും അഞ്ജു പറഞ്ഞു.

കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ഇനിയും ഏട്ട് ദിവസം ഡ്രഡ്ജിങ് തുടരാം എന്ന ജില്ലാ ഭരണകൂടത്തിന്‍റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്. ഡൈവിങ് ഉപയോഗിച്ച് മനുഷ്യസാധ്യമായ തിരച്ചിൽ കൊണ്ട് ഫലം ഇല്ലാത്തതിനാൽ ആണല്ലോ ഡ്രഡ്ജർ കൊണ്ട് വന്നത്. അതിനാൽ തന്നെ ഇനിയും ഡ്രഡ്ജര്‍ ഉപയോഗിക്കാനുള്ള സമയം ഇനിയും പാഴാക്കരുതെന്നും അഞ്ജു  ആവശ്യപ്പെട്ടു.

Comments (0)
Add Comment