അർജുനെ കണ്ടെത്താന്‍ തീവ്രശ്രമം, ദൗത്യം ഒമ്പതാം നാള്‍; സോണാർ സിഗ്നല്‍ ലഭിച്ച പ്രദേശത്ത് തിരച്ചില്‍

 

ബംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഇന്ന് ഒമ്പതാം ദിവസം. ഗംഗാവാലിപ്പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ കഴിഞ്ഞ ദിവസം സോണാർ സിഗ്നലും ലഭിച്ചിരുന്നു.  ഇന്നത്തെ തിരച്ചില്‍ ഇത് നിർണായകമാകും. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ ലഭിച്ചത്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ തിരച്ചിലിന് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്‍റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും പ്രധാനമായും ഇന്ന് തിരച്ചില്‍ നടത്തുക. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ തുടർന്ന് അർജുനെ കണ്ടെത്താനായി ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. ഗംഗാവാലി പുഴ നിറഞ്ഞൊഴുകിയതും പ്രതിസന്ധി സൃഷ്ടിച്ചു. ജീവന്‍ പണയപ്പെടുത്തിയുള്ള രക്ഷാദൗത്യമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുരോഗമിക്കുന്നത്.

Comments (0)
Add Comment