അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകടം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ, ദുരൂഹത

Jaihind Webdesk
Friday, July 23, 2021

കണ്ണൂർ :  രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് അപകടമരണമെന്നത് സംഭവത്തെ ദുരൂഹമാക്കുന്നു. ഇന്നലെ ഉച്ചയോടെ കപ്പക്കടവിന് സമീപം റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് മരിച്ചത്. അപകട സമയത്ത് റമീസ് ഓടിച്ചിരുന്ന ബൈക്ക് അർജുൻ ആയങ്കിയുടേതാണ്. സ്വർണ്ണക്കടത്ത് കേസിൽ റമീസിൻ്റെ വീട്ടിൽ കഴിഞ്ഞാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

റമീസിന്‍റെ ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്‍റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. അപകട സമയത്ത് റമീസ് ഓടിച്ചിരുന്ന ബൈക്ക് അർജുൻ ആയങ്കിയുടേതാണ്.KL 13 AJ 7004 ആണ് ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ. KL 13 Y 5500 എന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. കണ്ണൂർ തളാപ്പ് സ്വദേശിയുടെതാണ് കാറ്. അപകടത്തെ കുറിച്ച് വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
റമീസിനോട് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.എന്നാൽ റമീസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതിന് ഇടയിലാണ് ഇപ്പോള്‍ അപകടം നടന്നത്.