രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനിയും സിപിഎം പ്രവര്‍ത്തകനുമായ അർജുൻ ആയങ്കിയെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. സ്വർണ്ണക്കടത്ത്, കുഴൽപ്പണ സംഘത്തിന്റെ മുഖ്യ കണ്ണിയാണ് അർജ്ജുൻ ആയങ്കി എന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം.
കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണ കടത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി എന്ന് കസ്റ്റംസ് റിപ്പോർട്ട് നൽകിയിരുന്നു. രാമനാട്ടുകരയിലെ അപകടത്തിന് ശേഷം അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. അർജുൻ ആയങ്കിയും കൂട്ടാളികളും ചേർന്നാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്നതിന്റെ കസ്റ്റംസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന രഹസ്യന്വേഷണ വിഭാഗത്തിന്റെ അന്വേഷണം.
അർജുൻ ആയങ്കിക്ക് സംസ്ഥാനത്തെ കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന കുഴൽപ്പണ ,സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. അർജുൻ ആയങ്കിയോട് ഈ മാസം 28ന് കസ്റ്റംസിന് മുമ്പാകെ ഹാജരാകുവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിട്ടുണ്ട്. എന്നാൽ അർജുൻ ആയങ്കിയെ കണ്ടെത്താൻ കസ്റ്റംസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.