‘സൈബർ സഖാക്കള്‍’ സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ സംഘങ്ങളിലും ; പേരുകള്‍ വെളിപ്പെടുത്തി ജയരാജൻ ; മാഫിയ കൂട്ടുകെട്ടില്‍ വെട്ടിലായി സിപിഎം

Jaihind Webdesk
Friday, June 25, 2021

കണ്ണൂർ: സിപിഎമ്മിൻ്റെ സൈബർ പോരാളികളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പടെയുള്ള സൈബർ സഖാക്കൾ സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതോടെ പ്രതിരോധത്തിലായി സിപിഎം. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ പേര് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വെളിപ്പെടുത്തി.

സൈബർ സഖാക്കളും ആർഎസ്എസ് പ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ പേരാണ് ജയരാജൻ പുറത്തുവിട്ടത്. സ്വർണ്ണക്കടത്ത് കേസ് ആകാശ് തില്ലങ്കേരിയിലേക്ക് നീങ്ങുമെന്നതിനാലാണ് ആകാശ് ഉൾപ്പടെയുള്ളവരെ സിപിഎം തള്ളി പറഞ്ഞതെന്നാണ് സൂചന. സൈബറിടത്തെ സിപിഎം മുഖമായ  അർജുൻ ആയങ്കിക്കും, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കും സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ സംഘവുമായും ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് ഇവരെ തള്ളി പറഞ്ഞ്  എം.വി ജയരാജൻ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയ കേസിൽ കണ്ണൂരിലെ സി.പി.എം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടെ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് അർജുൻ ആയങ്കിയുടെ പങ്കിനെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്.