മെയ് 26ന് നടന്ന ഡിവൈഎഫ്ഐ പരിപാടിയില്‍ അര്‍ജുന്‍ ആയങ്കിയും, ചിത്രങ്ങള്‍ പുറത്ത് ; 2018ല്‍ പുറത്താക്കിയെന്ന സംഘടനയുടെ വാദം പൊളിയുന്നു

കണ്ണൂർ : അര്‍ജുന്‍ ആയങ്കിയെ 2018ല്‍ സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന ഡിവൈഎഫ്‌ഐയുടെ വാദം പൊളിയുന്നു. ആയങ്കി കഴിഞ്ഞ മെയ് 26ന് ദേശീയ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്ത ചിത്രം പുറത്തായി. അതേസമയം അര്‍ജുന് സിപിഎം പ്രാദേശിക നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.

സ്വർണ്ണക്കടത്ത് കേസില്‍ പ്രതിയായതോടെ 2018ല്‍ അർജുനെ പുറത്താക്കിയതാണെന്നായിരുന്നു ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ മെയ് 26 ന് ഡിവൈഎഫ്ഐ അഴീക്കോട്‌ നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമര പരിപാടിയിൽ അർജുൻ ആയങ്കിയും പങ്കെടുത്തുവെന്നതിന്‍റെ തെളിവാണ് പുറത്തായത്.  അതേസമയം ചിത്രം പുറത്തുവന്നതിനുപിന്നാലെ അർജുൻ ആയങ്കി ഉൾപ്പെട്ട കൂടുതല്‍ ചിത്രങ്ങൾ അകൗണ്ടിൽ നിന്നും നീക്കം ചെയ്തു.

അതിനിടെ അർജുന്‍ ആയങ്കിയുമായി അടുത്തബന്ധമുള്ള കൂടുതൽ സഹകരണ ബാങ്ക് ജീവനക്കാരുടെ വിവരങ്ങൾ പുറത്ത് വന്നു. സിപിഎം നൂഞ്ഞിയൻ കാവ് ബ്രാഞ്ച് സെക്രട്ടറിയും ചാല സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ഷിനു, ആറ്റടപ്പയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ശരത്ത് എന്നിവരുമായി അർജുന് അടുത്ത ബന്ധമാണുള്ളത്.

അർജുൻ ആയങ്കിക്കൊപ്പം കാറിൽ നിരവധി യാത്രകൾ നടത്തിട്ടുള്ള ആളാണ് ശരത്ത്. അർജുന്‍ ഉപയോഗിച്ച കാറിൻ്റെ ഉടമയായ സജേഷിൻ്റെ സുഹൃത്തുക്കളാണ് ഷിനുവും ശരത്തും. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ ഷിനുവിനും ശരത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

 

 

Comments (0)
Add Comment