അർജ്ജുന്‍ ആയങ്കി അറസ്റ്റില്‍ ; ചോദ്യംചെയ്യല്‍ 6 മണിക്കൂറോളം നീണ്ടു

Jaihind Webdesk
Monday, June 28, 2021

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവായിരുന്ന അർജുൻ ആയങ്കിയുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. 6 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണ കള്ളക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് ഷഫീഖിനെ 5 ദിവസത്തേക്ക് കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ മുൻനേതാവുമായ അർജുൻ ആയങ്കി രാവിലെ 11 മണിയോടെ കസ്റ്റംസിന് മുന്നിൽ ഹാജരായി. കസ്റ്റംസ് നോട്ടീസ് പ്രകാരം ഹാജരായ അർജുൻ ആയങ്കി, അഭിഭാഷകർക്കൊപ്പമാണ്
കസ്റ്റംസ് ഓഫീസിലെത്തിയത്. രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും, സ്വർണ്ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. 6 മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷം രാത്രി 7 മണിയോടെ അർജുൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് ഇന്ന്കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിടിയിലായ മുഹമ്മദ്ഷഫീഖിൻ്റെ ഫോൺ രേഖകളിൽ നിന്ന് അർജുൻ്റെ കള്ളക്കടത്ത്ബന്ധം വ്യക്തമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അർജുൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.  രാമനാട്ടുകരയിലെ സംഭവശേഷം അർജൻ ആയങ്കി ഒളിവിൽ പോയിരുന്നു. ദിവസങ്ങളായി പോലീസിനു പോലും കണ്ടുപിടിക്കാൻ സാധിക്കാതെ ഒളിവിൽ കഴിഞ്ഞ അർജുൻ  കസ്റ്റംസിന് മുന്നിൽ ഹാജരായത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും സൂചനയുണ്ട്.

കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ പദ്ധതി പലതവണ അർജുൻ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ചവിവരം. അർജുൻ ഇരുപതോളം തവണ ഇത്തരത്തിൽ കളളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. അർജുൻ ആയങ്കിയുടെ സഹായിയും, ഡിവൈഎഫ്ഐ നേതാവും, സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്ക് ജീവനക്കാരനുമായ സജേഷിനെയും കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. കടത്തിയ സ്വർണ്ണം സജേഷ് കൈകാര്യം ചെയ്തിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

അതിനിടെ, റിമാൻ്റിലുള്ള മുഹമ്മദ് ഷഫീഖിനെ 5 ദിവസത്തേക്ക് കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ കസ്റ്റംസ് ആലോചിക്കുന്നുണ്ട്.