അർജുന്‍ കസ്റ്റംസിന് മുന്നിലെത്തിയത് നിയമോപദേശം തേടി മൊഴി പഠിച്ച ശേഷം ; അപകടത്തിന് ശേഷം കഴിഞ്ഞത് ആകാശ് തില്ലങ്കേരിക്കൊപ്പം

Jaihind Webdesk
Wednesday, June 30, 2021

കണ്ണൂർ : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കി കസ്റ്റംസിന് മുൻപാകെ ഹാജരായത് നിയമോപദേശം തേടി മൊഴി പഠിച്ച ശേഷമെന്ന് സൂചന. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പുറത്ത് വരാതിരിക്കാൻ അഭിഭാഷകർ മൊഴി തയ്യാറാക്കി അർജുൻ ആയങ്കിയെ പഠിപ്പിച്ചു. ഇതിന് ശേഷമാണ് കസ്റ്റംസിന് മുൻപാകെ ഹാജരായത്. രാമനാട്ടുകര അപകടത്തിന് ശേഷം  ആകാശ് തില്ലങ്കേരിക്കൊപ്പമാണ് അർജുന്‍ കഴിഞ്ഞത്.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ്റെ വാർത്തകൾ പുറത്തുവന്നതോടെ പാർട്ടിയുമായി ബന്ധമുള്ള അഭിഭാഷകരുമായി ആകാശ് തില്ലങ്കേരി സംസാരിച്ചതിന് ശേഷമാണ് മൊഴി പഠിപ്പിച്ചത്. 6 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അർജുൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിടിയിലായ മുഹമ്മദ് ഷഫീഖിൻ്റെ ഫോൺ രേഖകളിൽ നിന്ന് അർജുൻ്റെ കള്ളക്കടത്ത് ബന്ധം വ്യക്തമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ പദ്ധതി പലതവണ അർജുൻ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ചവിവരം. അർജുൻ ഇരുപതോളം തവണ ഇത്തരത്തിൽ കളളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ തെളിവുകളെല്ലാം നശിപ്പിച്ചെന്നാണ് അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ.

മൊബൈൽ ഫോൺ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നാണ് അർജുന് കസ്റ്റoസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക തെളിവാണ് അർജ്ജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ. കാസർകോട് മുതൽ എറണാകുളം വരെയുളള സ്വർണ്ണക്കടത്ത് സംഘത്തെ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ഫോണിൽ നിന്ന് കസ്റ്റംസിന് ലഭിക്കുമായിരുന്നു. ഈ വിവരങ്ങൾ കസ്റ്റംസിന് ലഭിക്കുന്നത് താൽക്കാലികമായെങ്കിലും തടയാൻ ആയങ്കിയെ മൊഴി പഠിപ്പിച്ചതിലുടെ സാധിച്ചു. കടംവാങ്ങിയ 15,000 രൂപ ഷഫീഖിന്‍റെ കൈയിൽ നിന്നും വാങ്ങാനാണ് കരിപ്പൂർ വിമാനത്താവളത്തിൽ പോയതെന്നാണ് ആയങ്കിയുടെ മൊഴി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് അർജുൻ ആയങ്കിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് ക്വട്ടേഷൻ സംഘത്തിൻ്റെ ശ്രമം.