‘സിപിഎം ഷുക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കും, എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം’; വി.ഡി. സതീശന്‍

 

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സിപിഎം ക്രിമിനൽ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉൾപ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സിപിഎം ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യുഡിഎഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയിൽ ഷൂക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment