അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷിനും തിരിച്ചടി, വിടുതല്‍ ഹര്‍ജികള്‍ സിബിഐ കോടതി തള്ളി

 

എറണാകുളം: ഷുക്കൂർ വധക്കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി. ജയരാജന്‍റെയും ടി.വി. രാജേഷിന്‍റെയും വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം. ജയരാജനും രാജേഷിനും എതിരെ സിബിഐ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്‍റെയും, ടി. വി രാജേഷിന്‍റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്‍റെ മാതാവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജന്‍റെ വാഹനം പട്ടുവത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. രാഷ്ട്രീയ ​കൊലപാതകങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

 

 

Comments (0)
Add Comment