ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണാശുപത്രിയില്‍

Jaihind News Bureau
Tuesday, February 12, 2019

കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് സി പി എം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. പല തലത്തിലുള്ള നേതാക്കളുടെ പങ്കാളിത്തത്തോടെ കൃത്യമായി ഗൂഢാലോചന നടത്തി വിദഗ്ധമായ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതു മുതല്‍, കൊല്ലാനുപയോഗിച്ച കഠാര ഒളിപ്പിച്ചതില്‍ വരെ വ്യക്തമായ ആസൂത്രണവും പ്രാദേശികതലത്തിലെ പ്രധാന നേതാക്കളുടെ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ അരിയിലില്‍ ഫെബ്രുവരി മൂന്നാം വാരം ചില സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണു ഫെബ്രുവരി 20ന് പി ജയരാജനും രാജേഷും ചില പ്രാദേശിക നേതാക്കളും ആ പ്രദേശത്തേക്ക് പുറപ്പെട്ടത്.

അരിയിലിലേക്കു പൊലീസ് എത്തുന്നുവെന്നു കേട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സിപിഎം നേതാക്കളും മാധ്യമസംഘവും വരുന്ന വാഹനവ്യൂഹം എത്തിയപ്പോള്‍ ആളറിയാതെ യൂത്ത് ലീഗുകാര്‍ തടഞ്ഞു. തന്നെ തിരിച്ചറിഞ്ഞാല്‍ അക്രമമുണ്ടാവില്ല എന്ന വിശ്വാസത്തില്‍ ജയരാജന്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. എന്നാല്‍ ജയരാജനെയും രാജേഷിനെയും ചിലര്‍ തിരിച്ചറിഞ്ഞതോടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടതിനാല്‍ ജയരാജനോ രാജേഷിനോ കൂടുതല്‍ പരിക്കേറ്റില്ല.

ആക്രമണത്തെ തുടര്‍ന്നു ജയരാജനും സംഘവും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയപ്പോഴേക്കും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവരെ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ പ്രാദേശികനേതാക്കള്‍ അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അരിയില്‍ സ്വദേശിയും എംഎസ്എഫ് നേതാവുമായ ഷുക്കൂറും സുഹൃത്തുക്കളും സിപിഎം കോട്ടയായ കീഴറയില്‍ എത്തിപ്പെടുന്നത്. ജയരാജനെ ആക്രമിച്ച ശേഷം ചിലര്‍ ചെറുകുന്ന് ഭാഗത്തേക്കു രക്ഷപ്പെട്ടു വരുന്നതായി വിവരം ലഭിച്ചു പ്രവര്‍ത്തകര്‍ കീഴറ വള്ളുവന്‍ കടവില്‍ കാത്തുനിന്നിരുന്നു.

ഇവര്‍ സംഘം ചേര്‍ന്ന് പിന്തുടര്‍ന്നതോടെ ഷുക്കൂറും കൂട്ടുകാരും സമീപത്തെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലേക്ക് ഓടിക്കയറി. ആരോ പിന്തുടരുന്നുവെന്നും രക്ഷിക്കണമെന്നും പറഞ്ഞപ്പോള്‍ മുഹമ്മദ്കുഞ്ഞി അഭയം നല്‍കി. പിന്തുടര്‍ന്നെത്തിയവര്‍ ഇരുവരെയും പുറത്തേക്കിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ്കുഞ്ഞി തയാറായില്ല. ഏതോ തീവ്രവാദികളെ വീട്ടില്‍ തടഞ്ഞുവച്ചിരിക്കുന്നു എന്ന മട്ടിലാണ് നാട്ടില്‍ വാര്‍ത്ത പ്രചരിച്ചത്. വിവരമറിഞ്ഞവരെല്ലാം മുഹമ്മദ്കുഞ്ഞിയുടെ വീട്ടുമുറ്റത്തെത്തി.

കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ വാങ്ങാനായി മുഹമ്മദ്കുഞ്ഞി അയല്‍വീട്ടിലേക്കു പോയ തക്കത്തിന് അക്രമികളിലൊരാള്‍ കതകു പൊളിച്ച് ഉള്ളില്‍ കയറി. ‘ടി. വി. രാജേഷിനെയും പി. ജയരാജനെയും ആക്രമിച്ചതു നിങ്ങളല്ലേ’ എന്ന് അയാള്‍ ചോദിച്ചു. തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നും നാട്ടിലെ സിപിഎം പ്രവര്‍ത്തകരോടു ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഷുക്കൂറും കൂട്ടുകാരും കരഞ്ഞു പറഞ്ഞു.

അഞ്ചുപേരുടെയും പേരും വിലാസവും അവര്‍ കുറിച്ചെടുത്തു. എന്നിട്ടു മൊബൈല്‍ ഫോണില്‍ പലര്‍ക്കായി വിവരം കൈമാറി. ഒരാള്‍കൂടി വീടിനുള്ളിലേക്കു വന്ന് അഞ്ചുപേരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം പുറത്തേക്കു പോയി. അകത്തുണ്ടായിരുന്നയാള്‍ ആരെയൊക്കെയോ വിളിച്ച് ‘പടം കണ്ടോ, ഇവര്‍ തന്നെയാണോ’ എന്നു തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷുക്കൂറിന്റെ ജ്യേഷ്ഠന്‍ വിവരമറിഞ്ഞു പ്രാദേശിക സിപിഎം നേതാവിനെ വിളിച്ചു സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിച്ചോ’ എന്നായിരുന്നു നേതാവിന്റെ മറുപടി.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിചാരണയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. അബ്ദുല്‍ സലാമിനെയും അയൂബിനെയും ഹാരിസിനെയും വീട്ടില്‍നിന്നു വെളിയിലേക്കു കൊണ്ടുവന്നു വയലിലേക്ക് ഇറക്കി നിര്‍ത്തി. ഇരുനൂറിലധികം ആളുകള്‍ അപ്പോള്‍ വീടിനു ചുറ്റും വയലിന്റെ പല ഭാഗങ്ങളിലുമായി കാത്തുനില്‍ക്കുകയാണ്. വയലിലേക്കു കൊണ്ടുപോകവേ ഒരാള്‍ അയൂബിന്റെ കണ്ണില്‍ ആഞ്ഞുചവിട്ടി. നിലത്തു വീണ അയൂബിന്റെ കണ്‍പോളകള്‍ അയാള്‍ തുറന്നു നോക്കി. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു കരുതിയിട്ടാകാം, വീണ്ടും അതേ കണ്ണില്‍ ആഞ്ഞു ചവിട്ടി. അയൂബ് കണ്ണു പൊത്തിപ്പിടിച്ചു നിലവിളിച്ചുകൊണ്ട് ഓടി. തുടര്‍ന്ന് അബ്ദുല്‍ സലാമിനെയും ഹാരിസിനെയും സംഘം ചേര്‍ന്നു മര്‍ദിച്ചു. ഇരുവരും അയൂബിനു പിന്നാലെ ഓടി. വയല്‍വരമ്പില്‍ തമ്പടിച്ചു നിന്ന സംഘത്തിലെ മറ്റുള്ളവര്‍ അവരെ തടഞ്ഞില്ല. അതിനുശേഷമാണ് കുറ്റവാളികളെന്നു വിധിച്ച ഷുക്കൂറിനെയും സക്കറിയയെയും വയലിലേക്കു കൊണ്ടുവന്നത്. ഇരുമ്പുവടികൊണ്ടുള്ള മര്‍ദനത്തോടെയായിരുന്നു ശിക്ഷ നടപ്പാക്കലിന്റെ തുടക്കം.

പിന്നീടു മൂര്‍ച്ചയേറിയ ആയുധംകൊണ്ടു ശരീരമാസകലം മുറിവുണ്ടാക്കി. ഇതിനിടെ ഷുക്കൂര്‍ കുതറി രക്ഷപ്പെട്ടു വയലിലേക്ക് ഓടി. അക്രമികള്‍ പിന്നാലെ പാഞ്ഞു. ഷുക്കൂറിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞതോടെ സക്കറിയ റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്ന വഴിക്കു കണ്ട പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചതിനാല്‍ സക്കറിയയുടെ ജീവന്‍ ബാക്കിയായി. ഓടുന്നതിനിടെ പിന്നില്‍നിന്നു വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്‍വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള ഇരുനൂറോളംപേരില്‍ ആരും ഒന്നു ശബ്ദമുയര്‍ത്തുകപോലും ചെയ്യാതെ എല്ലാം കണ്ടു നിന്നു. ഒടുവില്‍ വൈകി പൊലീസ് എത്തുമ്പോള്‍ വധശിക്ഷ നടപ്പാക്കി കോടതി പിരിഞ്ഞിരുന്നു. പൊലീസ് വരുമ്പോള്‍ അക്രമികള്‍ യാതൊരു കൂസലുമില്ലാതെ വാഹനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരെയും അവര്‍ തൊട്ടില്ല. കണ്ണപുരം പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ റിസീവര്‍ എടുത്തു മാറ്റി പ്രവര്‍ത്തനരഹിതമാക്കി പോലീസും സി പി എമ്മിന്റെ താലിബാനിസത്തിനു കൂട്ടുനിന്നുവെന്നാണ് സൂചന.