കോണ്‍ഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ; സ്ഥാനാര്‍ത്ഥിത്വം വലിയ അംഗീകാരമെന്ന് അരിത

 

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി അരിത ബാബു. 27 വയസുകാരിയായ അരിത കായംകുളം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ചെറിയ പ്രായത്തില്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച സന്തോഷത്തിലാണ് കായംകുളം ഗോവിന്ദമുട്ടം സ്വദേശിനിയായ അരിത. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അരിത പറയുന്നു.

ബികോം ബിരുദധാരി കൂടിയായ അരിത സജീവമായി രാഷട്രീയ പ്രവര്‍ത്തനരംഗത്തുണ്ട്. 21 ാം വയസില്‍ കൃഷ്ണപുരം ജില്ലാപഞ്ചായത്ത് അംഗമായി. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ നിര്‍ധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിചയപ്പെടുത്തിയത്.

പശുവിനെ പോറ്റി പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂര്‍ണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മണ്ഡലത്തില്‍ അരിതയ്ക്കുളള സ്വീകാര്യത കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് നയിച്ചത്.

Comments (0)
Add Comment