‘സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ല , മുഖ്യമന്ത്രി ചാൻസ്‌ലർ പദവി ഏറ്റെടുത്തോളു’ : ഗവർണർ

Jaihind Webdesk
Saturday, December 11, 2021

കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. പുനർനിയമനത്തില്‍ തന്‍റെ നീതിബോധം വിട്ട് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലുള്ള വിസിക്ക് പുനര്‍നിയമനം നല്‍കിയത് വിവാദം ഒഴിവാക്കാനായിരുന്നു.

മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോട് പുനര്‍നിയമനമെന്നാല്‍ നിലവിലുള്ളയാള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) അഭിപ്രായമനുസരിച്ചാണ് പുനര്‍നിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എജി യുടേതെന്നു പറഞ്ഞ് തന്ന നിയമോപദേശത്തില്‍ ആരുടെയും ഒപ്പില്ലായിരുന്നു. എജി യുടെ അഭിപ്രായമെങ്കില്‍ ഒപ്പിട്ട് തരണമെന്ന് താന്‍ നിര്‍ദേശിച്ചു. അന്ന് വൈകീട്ടുതന്നെ അദ്ദേഹം എജി യുടെ ഒപ്പും സീലും വെച്ചുതന്നു. പുനര്‍നിയമനം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്നും ഗവർണർ കത്തില്‍ വിവരിക്കുന്നു.

മുഖ്യമന്ത്രിക്ക് ചാൻസ്‌ലറായി സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താമെന്നും തനിക്ക് അതിനു കഴിയില്ല. ചാൻസ്‌ലർ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്നും സർക്കാറിന്‍റെ രാഷ്ട്രീയ നിയമനങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. നിങ്ങൾക്ക് നിയമം കൊണ്ട് വന്ന് ചാൻസ്‌ലറാകാമെന്നും താൻ അതിൽ ഒപ്പിട്ടു തരാമെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടം പാലിച്ചല്ലെന്നും സർവകലാശാലക്ക് സർക്കാർ നിലപാടിന് വഴങ്ങേണ്ടി വന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. എട്ടാം തീയതിയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസ്‌ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.