തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞ് വാഹനം കുറുകെ നിര്‍ത്തിയിട്ടില്ലെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ മേയറുടെ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നില്‍ വെച്ചാണ് ബസ് തടഞ്ഞത്. കാര്‍ സീബ്ര ലൈനില്‍ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് തര്‍ക്കം ഉണ്ടായതെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഡ്രൈവര്‍ ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പോലീസ് എത്തിയപ്പോഴാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചതെന്നും മേയര്‍ ആരോപിച്ചു. എന്നാല്‍ മേയറുടെ ആരോപണങ്ങൾ തള്ളി ഡ്രൈവർ യദു രംഗത്തെത്തിയിരുന്നു. മേയറുടെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു യദു പറഞ്ഞത്. താൻ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും യദു പറഞ്ഞു.