രാജ്യസഭാ സീറ്റിനെച്ചൊല്ലി തർക്കം രൂക്ഷം; ഉഭയകക്ഷി ചർച്ചയ്ക്ക് ഇടതുമുന്നണി

 

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി ചേരിപ്പോര് രൂക്ഷമായതോടെ ഉഭയകക്ഷി ചർച്ചകൾ നടത്താന്‍ തീരുമാനിച്ച് ഇടതുമുന്നണി. വിജയ സാധ്യതയുള്ള രണ്ട് സീറ്റിനായി നാലു പാർട്ടികൾ അവകാശവാദം ഉന്നയിച്ചതോടെയാണ് ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ച നടത്തുന്നത്.

വിജയസാധ്യതയുള്ള രണ്ട് സീറ്റുകൾ പങ്കിടാന്‍ സിപിഎമ്മും സിപിഐയും തമ്മിൽ ഏകദേശ ധാരണയിൽ എത്തിയിരുന്നു. ഇതോടെ കേരള കോൺഗ്രസ് (എം) തഴയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റിന് പകരം മറ്റ് ചില സ്ഥാനങ്ങൾ നൽകുന്ന ഫോർമുലയോടെയാണ് ചർച്ച നടത്തുവാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ആർജെഡിയുടെയും എൽജെഡിയുടെയും അവകാശവാദത്തെ മുന്നണി നേതൃത്വം ഗൗരവമായി എടുത്തിട്ടില്ലെങ്കിലും ഇവരുമായും ചർച്ച നടത്തും.

എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. ജൂലൈ ഒന്നിനാണ് മൂവരുടെയും കാലാവധി അവസാനിക്കുന്നത്. രണ്ടു പേരെയാണ് എൽഡിഎഫിനു ജയിപ്പിക്കാനാവുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐയും കേരള കോൺഗ്രസും (എം) തമ്മിൽ തർക്കം മുറുകുന്നിതനിടെയാണ് ആർജെഡിയും എല്‍ജെഡിയും അവകാശവാദവുമായി എത്തിയിരിക്കുന്നത്.

ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ. ജോസ് കെ. മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും. ഈ സാഹചര്യത്തില്‍ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട നിലപാടിലാണ് കേരള കോൺഗ്രസ് (എം). കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25-നാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവെച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

Comments (0)
Add Comment