തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിൽ സംഘർഷം. സംഭവത്തില്‍ സെക്രട്ടറിയേറ്റ് സബ് ട്രഷറി ജീവനക്കാരന്‍ അമലിന് മര്‍ദ്ദനമേറ്റു. സെക്രട്ടറിയേറ്റ് വളപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായി.
ട്രഷറിയില്‍ കയറിയാണ് ഒരു സംഘം ജീവനക്കാര്‍ അമലിനെ കയ്യേറ്റം ചെയ്തത്. കാന്‍റീനില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു കയ്യേറ്റം. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വ്‌ളോഗര്‍ സെക്രട്ടറിയേറ്റിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ഥലത്താണ് ഇന്ന് സംഘര്‍ഷമുണ്ടായത്. മന്ത്രിയുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ അടക്കുമുള്ളവർ കയ്യേറ്റം ചെയ്തത്.
ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നും കൈവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുട അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.