സഹിക്കുന്നതിന് ഒരു പരിധിയുണ്ട്: സര്‍ക്കാരിന് സൂസൈപാക്യത്തിന്റെ മുന്നറിയിപ്പ്

Jaihind Webdesk
Friday, June 14, 2019

Dr.-Susapakyam

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ ഡോ.സുസൈപാക്യം രംഗത്ത്. തിരുവനന്തപുരം തീരദേശമേഖലയിലെ കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ക്കെതിരെ അദ്ദേഹം കടുത്ത അസംതൃപ്തി പരസ്യമാക്കിയത്. എല്ലാവരും ഒരുമിച്ച് സഹകരിച്ചാല്‍ മാത്രമേ തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമാണുണ്ടാകുന്നത്. അങ്ങേയറ്റം പ്രതിഷേധാത്മകമായ സമീപനമാണിത്. 100 കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. ഏപ്രില്‍ അവസാനം മുതല്‍ 40 ഓളം വീടുകള്‍ തകര്‍ന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പുകളല്ലാതെ നടപടികള്‍ ഒന്നും ഉണ്ടായില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം. പുനരധിവാസ പാക്കേജ് ഉടന്‍ ലഭ്യമാക്കണം – സൂസൈപാക്യം ആവശ്യപ്പെട്ടു.
ഓഖി ഫണ്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ലാപ്‌സായെന്നാണ് മറുപടി. സഭയ്ക്കും ജനങ്ങള്‍ക്കും സഹിക്കുന്നതിന് പരിധിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.