ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇ.ഡി കസ്റ്റഡിയിൽ. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷമാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഡൽഹി റോസ് അവന്യു പിഎംഎൽഎ കോടതിയാണ് വിധി പറഞ്ഞത്. ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിലാണ് വിധി.
ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്ന് സ്പെഷൽ ജഡ്ജി കാവേരി ബാജ്വ അറിയിച്ചു. പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍ ആറുദിവസത്തേക്കാണ് കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയത്. പരിസരത്ത് വൻ സുരക്ഷയൊരുക്കി പോലീസും അർധസൈനിക വിഭാഗങ്ങളുമുണ്ട്. മൂന്നു മണിക്കൂറിലേറെയാണ് കോടതിയിൽ വാദം നടന്നത്. അരവിന്ദ് കെജ്‌രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയം അനുവദിച്ചിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ കെജ്‌രിവാള്‍ ആണെന്നായിരുന്നു ഇഡിയുടെ വാദം. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചിരുന്നുവെന്നും വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.