ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടങ്ങളില്‍ അണിചേരാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ ഉപദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുകയായിരുന്നു സ്റ്റാലിന്.
‘കോണ്‍ഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കള്‍ക്കതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും.’ കജരിവാളിനോട് സ്റ്റാലിന് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളളയും കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി ബന്ധത്തെക്കുറിച്ച് സമാന അഭിപ്രായം മുമ്പ് രേഖപ്പെടുത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ആദ്യമായി വേദി പങ്കിട്ടത് കഴിഞ്ഞ നവംബര്‍ 30നായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുന്ന വേദിയിലായിരുന്നു അത്. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും കെജരിവാള്‍ പങ്കെടുത്തിരുന്നു. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടന വേദിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.