വി.സിയുടെയും രജിസ്ട്രാറുടെയും ഭാര്യമാർക്ക് ഫിഷറീസ് സർവകലാശാലയിൽ വഴിവിട്ട് നിയമനം ; ഒത്താശ ചെയ്ത് സിപിഎം മന്ത്രി, പരാതി

Jaihind Webdesk
Wednesday, May 26, 2021

 

തിരുവനന്തപുരം :  വി.സിയുടെയും രജിസ്ട്രാറുടെയും ഭാര്യമാർക്കും ഫിഷറീസ് സർവകലാശാലയിൽ ഉന്നത നിയമനങ്ങൾ. ഒത്താശ ചെയ്തത് എറണാകുളം ജില്ലക്കാരനായ മന്ത്രിയെന്ന് ആരോപണം. അധികാര ദുർവിനിയോഗം നടത്തിയ വിസിയെയും രജിസ്ട്രാറേയും പുറത്താക്കണമെന്ന് ഗവർണർക്കും ഫിഷറീസ് മന്ത്രിക്കും പരാതി .

എംഎല്‍എമാരുടെ ഭാര്യമാരെ സർവകലാശാലകളിൽ അധ്യാപകരായി നിയമിച്ചതിന് പിന്നാലെ കേരള ഫിഷറീസ് സർവകലാശാല വിസിയും രജിസ്ട്രാറും തങ്ങളുടെ ഭാര്യമാരെ ഉന്നത തസ്തികകളിൽ നിയമിച്ചതായാണ് ആക്ഷേപം. എറണാകുളം ജില്ലക്കാരനായ മന്ത്രിയുടെ ഒത്താശയോടെ നിയമനങ്ങൾ നടത്തിയതെന്ന ആക്ഷേപവും ശക്തമാണ്.

വിസിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗമാണ് വി.സിയുടെ ഭാര്യ ഡോ. എം റോസലിൻഡ് ജോർജിനെ ഫിഷറീസ് ഡീനായും, രജിസ്ട്രാറുടെ ഭാര്യ ഡോ: ദേവിക പിള്ളയെ റിസർച്ച് ഡയറക്ടറായും നിയമിച്ചത്. ഡീനിന് സീനിയർ പ്രൊഫസറുടെ ശമ്പളവും,റിസർച്ച് ഡയറക്ടർക്ക് പ്രൊഫസറുടെ ശമ്പളമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതേവരെ സർവ്വകലാശാലയിൽ തന്നെയുള്ള അധ്യാപകരെയാണ് താൽക്കാലിക അടിസ്ഥാനത്തിൽ ഈ തസ്തികകളിൽ നിയമിച്ചിരുന്നത്. ഇപ്പോൾ ആദ്യമായാണ് ഈ തസ്തികകളിൽ സ്ഥിര നിയമനം നടത്തുന്നത്. 50 ലക്ഷം രൂപ പ്രതിവർഷം ഇതിന് അധിക ചെലവ് വരും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് തിരക്കിട്ട് ഓർഡിനൻസിലൂടെ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് വിവാദ തസ്തികകൾ സൃഷ്ടിച്ചത്. നിയമനം നടത്തുന്നതിനുള്ള അനുബന്ധചട്ടങ്ങളോ സർക്കാർ ഉത്തരവുകളോ കൂടാതെയാണ് വിസി നിയമന നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് എറണാകുളം ജില്ലക്കാരനായ നിലവിലെ മന്ത്രി മുൻ ഫിഷറീസ് മന്ത്രിയെ സ്വാധീനിച്ചാണ് നിയമ ഭേദഗതി ഓർഡിനൻസ് അംഗീകരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. വിസി തന്നെ നാമനിർദ്ദേശം ചെയ്ത നാലാംഗ സെലക്ഷൻ കമ്മിറ്റിയാണ് ഇൻറർവ്യൂ നടത്തി രണ്ടുപേരുടെയും ഭാര്യമാരെ ടി തസ്തികളിലേക്ക് ശുപാർശചെയ്തത്.

സർവകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകൾ ദേശീയതലത്തിൽ പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന യുജിസി വ്യവസ്ഥ പ്രകാരം വിജ്ഞാപനം ചെയ്യാത്ത തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാനുള്ള അവസരം നഷ്ടപെടുത്തിയതായും ആരോപണമുണ്ട്.

സ്വന്തം ഭാര്യമാരെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ഔദ്യോഗിക അധികാരം ദുർവിനിയോഗം ചെയ്ത വി.സി യെയും രജിസ്ട്രാറെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭാര്യമാർക്ക് നിയമനങ്ങൾ നൽകിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകി.