ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കേരളസർവകലാശാലയില്‍ രജിസ്ട്രാർ നിയമനം ; ഗവർണർക്ക് പരാതി

 

ചട്ടങ്ങള്‍  കാറ്റിൽ പറത്തി കേരള സർവകലശാലയിൽ രജിസ്ട്രാറെ നിയമിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന താൽക്കാലിക രജിസ്ട്രാറെ മാറ്റി തിരക്കിട്ട് സ്ഥിരം രജിസ്ട്രാറെ നിയമിക്കാനാണ് നീക്കം. കുറഞ്ഞത് 15 ദിവസം മുൻപ് അപേക്ഷകർക്ക് ഇന്‍റർവ്യൂവിന് നോട്ടീസ് നൽകിയിരിക്കണമെന്ന ഹൈക്കോടതി വിധി അവഗണിച്ചാണ് ഇന്‍റർവ്യൂ നടത്തുന്നത്. ചട്ടവിരുദ്ധ ഇന്‍റർവ്യൂ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നല്‍കി.

കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന താൽക്കാലിക രജിസ്ട്രാറെ മാറ്റി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിജ്ഞാപനം വരുന്നതിനുമുമ്പ് തിരക്കിട്ട് സ്ഥിരം രജിസ്ട്രാറെ കേരള സർവകലാശാലയില്‍ നിയമിക്കാനാണ് നീക്കം. ഫെബ്രുവരി 18 വ്യാഴാഴ്ച ആയിരുന്നു വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. 5000 രൂപയാണ് അപേക്ഷാ ഫീസായി സർവകലാശാല നിശ്ചയിച്ചിരുന്നത്. അഞ്ചു വർഷം യൂണിവേഴ്‌സിറ്റി അധ്യാപന പരിചയവും അഞ്ചുവർഷം വകുപ്പ് മേധാവിയായുള്ള പരിചയമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. 12 പേരാണ് അപേക്ഷകരായുള്ളത്. എല്ലാ അപേക്ഷകരോടും നാളെ രാവിലെ ഇന്‍റർവ്യൂവിന് ഹാജരാകാൻ അധികൃതർ ഫോണിലൂടെ നിർദേശം നൽകിയിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം നിയമനം അംഗീകരിക്കുന്നതിന് സിൻഡിക്കേറ്റിന്‍റെ പ്രത്യേക യോഗവും ചേരുന്നുണ്ട്.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇഷ്ടക്കാരെയും സി.പി.എം അനുഭാവികളെയും തിരുകികയറ്റാൻ ശ്രമമെന്നാണ് ആരോപണം. ഇന്‍റർവ്യൂവിന് കുറഞ്ഞത് 15 ദിവസം മുമ്പ് അപേക്ഷകർക്ക് നോട്ടീസ് നൽകിയിരിക്കണമെന്ന ഹൈക്കോടതി വിധി അവഗണിച്ചാണ് രണ്ട് ദിവസത്തെ നോട്ടീസിൽ ഇന്‍റർവ്യൂ നടത്തുന്നത്. ഇത് കോടതിവിധിയുടെ ലംഘനമാണെന്നും മിനിമം യോഗ്യതകൾ ഇല്ലാത്തവരെയാണ് ഇന്‍റർവ്യൂവിന് ക്ഷണിച്ചിരിക്കുന്നതെന്നും നിയമനം നൽകേണ്ട ആളെ മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചട്ടവിരുദ്ധമായ നിയമനം നിർത്തിവെക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Comments (0)
Add Comment