ചട്ടങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം ; ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Friday, October 23, 2020

 

തിരുവനന്തപുരം: സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിൽ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രിൻസിപ്പലുമാരെ നിയമിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോളേജുകളിലാണ് സീനിയോറിറ്റി മാത്രം നോക്കി നിയമനം നടത്തിയിട്ടുള്ളത്. പത്തിൽ കൂടുതൽ അപേക്ഷകരുണ്ടായിരുന്നെങ്കിലും യോഗ്യതയുള്ളവരെ തഴഞ്ഞ് അഭിമുഖ പരീക്ഷ പോലും നടത്താതെയാണ് തിരക്കിട്ടുള്ള നിയമനം.

2018 ന് ശേഷം നടക്കുന്ന നിയമനങ്ങളെല്ലാം യു.ജി.സിയുടെ പുതുക്കിയ യോഗ്യത പ്രകാരം വേണമെന്ന നിർദ്ദേശം നിലനിൽക്കുന്നതിനിടെയാണ് സീനിയോറിറ്റി മാത്രം അടിസ്ഥാനപ്പെടുത്തി മൂന്നിടത്തെ സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടത്തിയിട്ടുള്ളത്. സമാനമായി തലശ്ശേരി ട്രെയിനിംഗ് കോളേജിലും നിയമനത്തിന് നീക്കം നടക്കുകയാണ്.

ഇവിടങ്ങളിലെ നിയമനം സംബന്ധിച്ച് 2020 ജൂൺ മൂന്നിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പരിപത്രമിറക്കിയിരുന്നു. അസി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പി.എച്ച്.ഡി, 10 വർഷത്തെ അധ്യാപന പരിചയം, കുറഞ്ഞത് 10 റിസർച്ച് പബ്ലിക്കേഷനുകൾ, 2018ലെ യുജിസി റെഗുലേഷൻ പ്രകാരമുള്ള 110 റിസർച്ച് സ്കോർ എന്നിവയാണ് പരിപത്ര പ്രകാരം പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യത.

എന്നാൽ ഇവയെല്ലാം അട്ടിമറിച്ച് അഭിമുഖ പരീക്ഷ പോലും നടത്താതെയാണ് നിയമനം നടത്തിയിട്ടുള്ളത്. ഇതിനു പുറമേ സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി റെഗുലേഷന് വിരുദ്ധമായി നടത്തരുതെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബുണലും ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സമാന നിയമനങ്ങൾ ആർട്സ് ,ലോ കോളേജുകളിലും നടത്താൻ ശ്രമിച്ചെങ്കിലും ചില സംഘടനകൾ ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെ അത് പൊളിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മുന്നിടത്തെ സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിൽ പ്രിൻസിപ്പലുമാരായി ഇഷ്ടക്കാരെ തിരുകി കയറ്റാൻ നിലവിൽ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

 

https://www.facebook.com/JaihindNewsChannel/videos/3281215231990817