ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം : സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Jaihind News Bureau
Saturday, February 13, 2021

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി സുപ്രീംകോടതി കൊളീജിയം കേന്ദ്ര ഗവൺമെന്‍റിന് നൽകിയ ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ലോക്സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ 189ഓളം ശുപാർശകളാണ് ഇത്തരത്തിൽ കേന്ദ്ര ഗവൺമെന്‍റിന്‍റെ മുൻപാകെ ഉള്ളത്. ഇക്കാര്യത്തിൽ സുപ്രീംകോടതി കഴിഞ്ഞ മാസവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരള ഹൈക്കോടതിയിൽ മാത്രം 47 ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുള്ളതിൽ 37 ജഡ്ജിമാർ മാത്രമാണ് ഇപ്പോഴുള്ളത്. ഈ വർഷം 7 ജഡ്ജിമാർ കൂടി വിരമിക്കുന്നതോടെ അത് 30 ആയി ചുരുങ്ങും. 47.5 ലക്ഷം കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുകയാണെന്ന് ഇന്ത്യൻ ജസ്റ്റിസ് റിപ്പോർട്ട് 2020 ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള കോളീജിയം ശുപാർശകൾ പെട്ടെന്ന് തീർപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.