‘കണ്ടക്ടര്‍മാര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നല്‍കണം’; കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Jaihind Webdesk
Tuesday, December 18, 2018

കൊച്ചി: ഒഴിവു വന്ന കണ്ടക്ടര്‍മാരുടെ തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടികയില്‍നിന്ന് രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എത്രപേരെ പിരിച്ചു വിട്ടോ അത്രയും പേര്‍ക്ക് പകരം നിയമനം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പിഎസ്സിയുടെ അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് മടിയെന്ന് കോടതി ആരാഞ്ഞു.

പിരിച്ചു വിട്ടവരുടെ അത്രയും ഒഴിവില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചപ്പോള്‍ ഒഴിവില്ലെങ്കില്‍ എന്തിനാണ് പരീക്ഷ നടത്തി അഡൈ്വസ് മെമ്മോ നല്‍കിയതെന്നായിരുന്നു കോടതി ചോദിച്ചത്. പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ സമയം വേണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യത്തിന് ടിക്കറ്റ് നല്‍കി പൈസ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

കെ.എസ്.ആര്‍.ടി.സിയില്‍ വിശ്വാസമില്ലെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ നടപടികളിലാണ് കോടതി അവിശ്വാസം രേഖപ്പെടുത്തിയത്. പിഎസ്സി ലിസ്റ്റില്‍നിന്ന് അഡൈ്വസ് ചെയ്തവരെ നിയമിച്ചുവെന്നും താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആരും തുടരുന്നില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ, താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. പലയിടത്തും സര്‍വ്വീസുകള്‍ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സര്‍വ്വീസുകള്‍ മുടങ്ങി. കോട്ടയത്തുനിന്ന് പമ്പയിലേക്കുളള 21 കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് 50 സര്‍വ്വീസുകളും കൊല്ലത്ത് 42 സര്‍വ്വീസുകളും മുടങ്ങി.