അഫീലിന് ജന്മനാടിന്‍റെ യാത്രാമൊഴി… സംസ്കാരം വൈകിട്ട്

Jaihind News Bureau
Tuesday, October 22, 2019

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസണ് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായി ജന്മനാടായ മൂന്നിലവിലേക്ക് കൊണ്ടുപോയി. വൈകിട്ട്  ചൊവ്വൂർ സെന്‍റ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9 നാണ് അഫീലിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. 10.45 നടപടികൾ പൂർത്തിയാക്കി കോട്ടയം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും വിലാപയാത്രയായാണ് അഫീലിന്‍റെ മൃതദേഹം സ്വദേശമായ മൂന്നിലവിലേക്ക് കൊണ്ടുപോയത്. അഫിലിന്‍റെ വിദ്യാലയമായ പാലാ സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികൾക്കൊപ്പം നാട്ടുകാരും സഹപാഠികളുമടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.

ഒക്ടോബർ 4 നാണ് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിനിടെ അഫീലിന് ഹാമർ വീണ് പരിക്കേറ്റത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാലായിലെ സിന്തറ്റിക് ട്രാക്കിൽ അത്‌ലറ്റിക് അസോസിയേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ജില്ലാ കളക്ടറും പൊലീസും കായിക വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അശ്രദ്ധമായി മത്സരങ്ങള്‍ സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നുവെങ്കിലും അഫീലിന്‍റെ മരണത്തോടെ മനപൂർവമല്ലാത്ത നരഹത്യാ കുറ്റവും സംഘാടകർക്കെതിരെ ചുമത്തി. വരുംദിവസങ്ങളിൽ അന്വേഷണം തുടരുമെന്നും കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.