പി.വി. അന്‍വറിന് എ.പി അനില്‍കുമാറിന്റെ മറുപടി; സി.പി.എം പ്രളയത്തിലും രാഷ്ട്രീയം കാണുന്നു; രാഹുല്‍ഗാന്ധിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ പാളിച്ച മറച്ചുവയ്ക്കാന്‍

Jaihind Webdesk
Sunday, September 1, 2019

വയനാട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതബാധിതര്‍ക്ക് ആശ്വാസമാവുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയകാരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. രാഹുല്‍ ഗാന്ധി കാണാന്‍ സമയം അനുവദിച്ചില്ലെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി എ.പി അനില്‍ കുമാര്‍ എം.എല്‍.എ രംഗത്തെത്തി. എം.പി. ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ടാണ് തിരുവമ്പാടി എം.എല്‍.എ.യെയും നിലമ്പൂര്‍ എം.എല്‍.എ. ആയ അന്‍വറിനെയും എം.പി.യുടെ നിര്‍ദ്ദേശ പ്രകാരം ക്ഷണിച്ചത്. എന്നാല്‍ ഇരുവരും ആ ചടങ്ങില്‍ എത്തിയില്ല. കൂടാതെ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ വിട്ടുനിന്നത്, സി.പി.എം. പ്രളയത്തിലും രാഷ്ട്രീയം കാണുന്നു എന്നതുകൊണ്ടാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സംഭവിച്ച പാളിച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമേ ഇത്തരം ആക്ഷേപങ്ങളെ കാണാന്‍ കഴിയൂവെന്നും അനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

വയനാട് എം.പി. ശ്രീ. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാന്‍ ഇടയായി. ശ്രീ. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ ഒരു പങ്കു വഹിച്ച ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എഴുതുന്നത്.
എം.പി. ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഞാന്‍ നേരിട്ടാണ് തിരുവമ്പാടി എം.എല്‍.എ.യെയും നിലമ്പൂര്‍ എം.എല്‍.എ. ആയ ശ്രീ. പി.വി. അന്‍വറിനെയും എം.പി.യുടെ നിര്‍ദ്ദേശ പ്രകാരം ക്ഷണിച്ചത്. എന്നാല്‍ ഇരുവരും ആ ചടങ്ങില്‍ എത്തിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായത് കൊണ്ടാവാം വരാന്‍ സാധിക്കാത്തതെന്നു കരുതുന്നു. ഉദ്ഘാടന ചടങ്ങ് വെറും അഞ്ചു മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. തീര്‍ത്തും ആര്‍ഭാടങ്ങളില്ലാത്ത ചടങ്ങാണ് അവിടെ നടന്നതെന്ന് ഞാന്‍ പ്രത്യേകം ശ്രീ. പി.വി. അന്‍വര്‍എം.എല്‍.എ.യെ ഓര്‍മ്മപ്പെടുത്തുകയാണ്.
പ്രളയ ബാധിതരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും നേതൃത്വം നല്‍കിയ ആളുകളെ ആദരിക്കുന്നതിനാണ് ശ്രീ. രാഹുല്‍ ഗാന്ധി മുക്കത്തെ ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലെ നൗഷാദ് ഉള്‍പ്പെടെയുള്ളവരെ ആ ചടങ്ങില്‍ വച്ച് ശ്രീ. രാഹുല്‍ ഗാന്ധി ആദരിക്കുകയുണ്ടായി. എം.പി. ഓഫീസ് ഉദ്ഘാടനത്തിനു വരാതിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്കിലൂടെ ശ്രീ. രാഹുല്‍ ഗാന്ധിയുടെ സമയം ചോദിച്ചിട്ടുണ്ട് എന്ന് കുറിപ്പിടുകയുണ്ടായി. ഇങ്ങനെ എം.പി. യുടെ സമയം ചോദിച്ചതായി എന്തെങ്കിലും അറിവു കിട്ടിയിട്ടുണ്ടോ എന്ന് ഞാന്‍ കല്പറ്റയിലും മുക്കത്തുമുള്ള എം.പി. ഓഫീസില്‍ വിളിച്ചു ചോദിക്കുകയുണ്ടായി. എന്നാല്‍ അങ്ങനെയൊരു സന്ദേശം ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എങ്കിലും ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ഫെയ്‌സ് ബുക്കില്‍ അത്തരം ഒരു ആവശ്യം കണ്ടതിനെ തുടര്‍ന്ന് ഞാന്‍ ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ.യെ നേരിട്ട് വിളിച്ച് സംസാരിച്ചു. 29 -ാം തീയതി രാത്രി 8 മണിക്ക് എം.പി.യെ കാണാന്‍ കഴിയുമെന്ന് അറിയിക്കുകയുണ്ടായി. എന്നാല്‍ എം.എല്‍.എ.യ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് 30-ാം തീയതി 8 മണിക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം നല്‍കിയത്. വെള്ളിയാഴ്ച ആയതിനാല്‍ 12 മണിക്ക് മുമ്പേ എം.പിയുടെ പരിപാടികള്‍ തീര്‍ക്കുന്നതിനു വേണ്ടി രാവിലെ 8 മണിക്ക് തന്നെ പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ പാതാര്‍ സന്ദര്‍ശനം മാറ്റി വച്ചതിനെ തുടര്‍ന്ന് 9 മണിക്ക് ഇറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ. 8 മണിക്ക് എത്തിച്ചേരുകയും ഞാനുള്‍പ്പെടെയുള്ളവരെ കാണുകയും സംസാരിക്കുകുയും ചെയ്തു. ശ്രീ. രാഹുല്‍ ഗാന്ധി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങുന്നതിനു മുമ്പായി കൂടികാഴ്ച നടത്താമെന്ന് അറിയിച്ചെങ്കിലും എം.എല്‍.എ. അദ്ദേഹത്തിന് മറ്റ് പരിപാടികളില്‍ പങ്കെടുക്കാനുണ്ടായതു കൊണ്ടാകാം ശ്രീ. രാഹുല്‍ ഗാന്ധി വരുന്നതുവരെ കാത്തിരിക്കാതെ തിരിച്ചു പോവുകയാണുണ്ടായത്. ഈ ഒരു കാര്യത്തില്‍ ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ അസൗകര്യത്തെ ആരും പരാതി പറയാനോ കുറ്റപ്പെടുത്താനോ മുതിര്‍ന്നിട്ടില്ല. പക്ഷേ എം.എല്‍.എ. ഈ വിഷയം രാഷ്ട്രീയവല്ക്കരിച്ച് ശ്രീ. രാഹുല്‍ഗാന്ധിയെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ഇത് വിലകുറഞ്ഞ രാഷ്ട്രീയ സമീപനമായിട്ടേ കാണാന്‍ സാധിക്കുകയുള്ളൂ. വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ ശ്രീ. രാഹുല്‍ ഗാന്ധി പങ്കെടുത്തത് എം.എല്‍.എ. എന്ന നിലയ്ക്ക് ഞാന്‍ ക്ഷണിച്ചതുകൊണ്ടാണ്. നിലമ്പൂര്‍ എം.എല്‍.എ. എം.പി.യോട് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അദ്ദേഹം നിലമ്പൂരിനു വേണ്ടിയും സമയം കണ്ടെത്തുമെന്നതില്‍ സംശയമില്ല.
അതോടൊപ്പം തന്നെ ശ്രീ. രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ പങ്കെടുക്കാതെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണുണ്ടായത്. പ്രളയത്തിനു ശേഷം മുഖ്യമന്ത്രി കവളപ്പാറയില്‍വിളിച്ചുചേര്‍ത്ത യോഗത്തിലും മന്ത്രി ശ്രീ. കെ.ടി. ജലീല്‍ മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലും യു.ഡി.എഫ്. എം.എല്‍.എ.മാരും ജനപ്രതിനിധികളും പങ്കെടുത്തത് ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയോടും മന്ത്രിയോടുമുള്ള അമിത താല്പര്യം കൊണ്ടല്ല, മറിച്ച് പ്രളയത്തിന്റെ കാര്യത്തില്‍ ഒത്തുരുമയോടെ ഒരുമിച്ചു നീങ്ങണമെന്നതുകൊണ്ടു മാത്രമാണ്. എം.പി. യുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിട്ടുനിന്നത്, സി.പി.എം. പ്രളയത്തിലും രാഷ്ട്രീയം കാണുന്നു എന്നതുകൊണ്ടാണ്.
ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്. വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ പ്രളയം ബാധിച്ചില്ല എന്ന് ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ. പറയുകയുണ്ടായി. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച പഞ്ചായത്തുകളില്‍ ഒന്നായിരുന്ന വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ മമ്പാട് പഞ്ചായത്ത്. അക്കാര്യം കൂടി എം.എല്‍.എ.യെ ഓര്‍മ്മപ്പെടുത്തുകയാണ്.
സ്വന്തം മണ്ഡലത്തില്‍ എന്തു നടക്കുന്നെന്ന് ശ്രീ. രാഹുല്‍ ഗാന്ധിയ്ക്ക് ധാരണയില്ല എന്ന് ശ്രീ. പി.വി. അന്‍വര്‍ എം.എല്‍.എ. കുറ്റപ്പെടുത്തുകയുണ്ടായി. അറുപതോളം പേര്‍ മരണപ്പെട്ട കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പോലും എത്തിക്കാത്തത് ചൂണ്ടിക്കാട്ടാനും അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ക്കും എസ്.പി.യ്ക്കും നിര്‍ദ്ദേശം നല്‍കിയത് അവിടെ എന്തു നടക്കുന്നെന്ന വ്യക്തമായ ബോദ്ധ്യമുള്ളതുകൊണ്ടാണ്.
ശ്രീ. രാഹുല്‍ ഗാന്ധി എം.പി. വയനാടിനെയും നിലമ്പൂരിനേയും അവഗണിക്കുന്നു എന്ന വാദം ഏതെങ്കിലും ഒരു കൊച്ചു കുട്ടിപോലും മുഖവിലയ്‌ക്കെടുക്കുമെന്ന് കരുതുന്നില്ല. കാരണം പ്രളയം ഉണ്ടായപ്പോള്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാകുന്നതല്ല. ദുരന്തം താണ്ഡവമാടിയ എല്ലാ പ്രദേശങ്ങളിലും അദ്ദേഹം പോയി. ദുരിതബാധിതരെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെട്ടു. അവിടെ തന്നെ പരിഹാരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ ഇടപെടലുകള്‍ നടത്തി. ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു. എം.പി. എന്ന നിലയില്‍ തികച്ചും അര്‍പ്പണ മനോഭാവത്തോടെ, കര്‍ത്തവ്യ ബോധത്തോടെ, ഉത്തവാദിത്വത്തോടെയാണ് അദ്ദേഹം ഓരോ ചുവടും വച്ചത്. അതു വയനാട്ടിലേയും നിലമ്പൂരിലേയും ജനങ്ങള്‍ക്ക് അറിയാം. സഹായം അര്‍ഹിക്കുന്നവര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരു കൈത്താങ്ങാണ് ശ്രീ. രാഹുല്‍ഗന്ധിയെന്ന സത്യം മറച്ചു വയ്ക്കാനും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സംഭവിച്ച പാളിച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമേ ഇത്തരം ആക്ഷേപങ്ങളെ കാണാന്‍ കഴിയൂ.