എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണി; കൂത്ത്പറമ്പ് എം.ഇ.എസ് കോളജിലെ ജോലി ഉപേക്ഷിച്ച് അഡ്മിസ്ട്രേറ്റീവ് ഓഫീസർ

എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് കണ്ണൂർ കൂത്ത്പറമ്പ് എം.ഇ.എസ് കോളജിലെ അഡ്മിസ്ട്രേറ്റീവ് ഓഫീസർ സതീഷ് ബാബു ജോലി ഉപേക്ഷിച്ചു.

കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെത്തുടർന്നാണ് ഭീഷണി ഉണ്ടായത്. എസ്.എഫ്.ഐ പ്രവർത്തകർ  ഊര് വിലക്കിനെത്തുടർന്ന് പ്രിൻസിപ്പലിന് കോളേജിൽ പ്രവേശിക്കാൻ സാധിക്കാത്ത കൂത്ത്പറമ്പ് എം.ഇ.എസ് കോളജിലാണ് ഈ സംഭവവും അരങ്ങേറിയത്.

കൂത്ത്പറമ്പ് എം.ഇ.എസ് കോളജിലെ എസ് എഫ് ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ഇടതുപക്ഷ സഹയാത്രികനുമായ സതീഷ് ബാബുവിനാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്.

കോളേജ് യൂണിയൻ ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ  പണം ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സതീഷിനെ സമീപിക്കുകയായിരുന്നു. കോളേജ് യൂണിയൻ ഫണ്ട് യൂണിയൻ സെക്രട്ടറിക്ക് കൈമാറുന്നതിന് പകരം എസ് എഫ് ഐ ജില്ലാ നേതാവിന് കൈമാറണമെന്ന് എസ് എഫ് ഐ നേതാക്കൾ ആവശ്യപ്പെട്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ സതീശ് ബാബു നിരാകരിച്ചു.

കോളേജ് മാനേജ്മെന്‍റിന്  കൃത്യമായി കണക്ക് നൽകേണ്ടതിനാൽ മുമ്പ് വാങ്ങിയ പണത്തിന്‍റെ ബില്ലടക്കം നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ  തന്നെ തടഞ്ഞ് വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സതീശ് ബാബു പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തെ മണിക്കൂറുകളോളം തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് സതീഷ് ബാബു ജോലി ഉപേക്ഷിച്ചത്.

ഇത്രയും വലിയൊരു പ്രതിസന്ധിയുണ്ടായിട്ടും കോളേജ് മാനേജ്മെന്‍റ് പിൻതുണ നൽകിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എന്നാൽ സി.പി.എം കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കോളേജ് തകർക്കപ്പെടുമോ എന്ന ഭയത്താലാണ്  എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ  നടപടിയെടുക്കാൻ കോളേജ് മാനേജ്മെന്‍റും തയ്യാറാകാത്തത്.

ഇക്കഴിഞ്ഞ മെയ് മാസമാണ് സതീഷ് ബാബു ജോലി രാജിവെച്ചത്.  ഇതിന് ശേഷവും സതീശ് ബാബു എം ഇ എസ് കോളേജുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റും കണ്ണൂർ  സർവ്വകലാശാലയിൽ നിന്ന്  ശരിയാക്കുന്നതിന് വേണ്ടി കണ്ണൂർ സർവ്വകലാശാലയിൽ എത്താറുണ്ട്.

Koodathayi caseSatheesh BabuAdministrative Officer (AO)MES College
Comments (0)
Add Comment