യുക്രെയ്‌ന് ആയുധമെത്തിക്കുന്ന ഏതു വാഹനങ്ങളും നശിപ്പിക്കുമെന്ന് റഷ്യ : യുഎസിന് മുന്നറിയിപ്പ്

Jaihind Webdesk
Sunday, March 13, 2022

കീവ് : ആയുധങ്ങളുമായി യുക്രെയ്‌നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും റഷ്യൻ സായുധ സേന നശിപ്പിക്കുമെന്ന്  മുന്നറിയിപ്പ്. യുക്രെയ്‌ന് ആയുധം നൽകുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യ യുഎസിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റഷ്യൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ വ്യക്തിഗത ഉപരോധങ്ങൾ സമീപഭാവിയിൽ റഷ്യ പ്രസിദ്ധീകരിക്കുമെന്നും സെർജി റിയാബ്കോവ് പറഞ്ഞു.

റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും നാറ്റോ സഖ്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ആയുധ കൈമാറ്റം എത്തിക്കാൻ ഇടയുണ്ടെന്നുമാണ് വിലയിരുത്തൽ. യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നുള്ള നിലപാടിലാണ് യുഎസ്. ഈ സാഹചര്യത്തിലാണ് ആയുധ കൈമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയതും.

യുക്രെയ്നിൽ കര, വ്യോമ ആക്രമണം ശക്തമാക്കിയ റഷ്യൻ സേന തലസ്ഥാന നഗരമായ കീവിന് അടുത്തെത്തിയതായാണ് റിപ്പോർട്ട്.