പ്രതിപക്ഷ നേതാവിനെതിരായ അന്‍വറിന്‍റെ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി; സഭയുടെ അന്തസും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കര്‍

Jaihind Webdesk
Friday, October 29, 2021

തിരുവനന്തപുരം: നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതായി സ്പീക്കറുടെ റൂളിംഗ്. സഭാ ചട്ടങ്ങളിലും കീഴ്വഴക്കങ്ങളിലും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.

സഭയുടെ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷം അംഗങ്ങള്‍ ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 133 വര്‍ഷം പിന്നിട്ട സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങള്‍ക്കാണ്. ആ ഗൗരവവും പാര്‍ലമെന്‍ററി മര്യാദകളും ഉള്‍ക്കൊണ്ടുകൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറുവാന്‍ അംഗങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

2021 ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തില്‍ ഭേദഗതി അവതരിപ്പിച്ചുകൊണ്ടാണ് അന്‍വര്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ അസാന്നിധ്യത്തിലായിരുന്നു അന്‍വറിന്‍റെ ആരോപണം. ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കുകയും സഭാ രേഖകളില്‍ നിന്നും അന്‍വറിന്‍റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് അന്‍വറിന്‍റെ ആരോപണങ്ങള്‍ ചട്ടവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണെന്ന് സ്പീക്കര്‍ നിരീക്ഷിച്ചത്. ഇതേത്തുടര്‍ന്ന് അന്‍വറിന്‍റെ പ്രസംഗഭാഗം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതായി ഇന്ന് റൂളിംഗ് നല്‍കി.