കോവിഡ് 19 ബാധിതനാണോ എന്ന് 15 മിനിറ്റുകൊണ്ട് അറിയാം…! 10,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിലെത്തിക്കുമെന്ന് അൻവർ സാദത്ത്

കോവിഡ് 19 ബാധിതനാണോ എന്ന് 15 മിനിറ്റുകൊണ്ട് പരിശോധിച്ച് അറിയാൻ സഹായിക്കുന്ന 10,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിലെത്തിക്കുമെന്ന് അൻവർ സാദത്ത് എംഎൽഎ. നടപടിക്രമങ്ങൾ പൂർത്തിയായി അനുമതി ലഭിച്ചാൽ ഉടൻ തന്നെ 10,000 കിറ്റുകൾ കേരളത്തിനു നൽകാമെന്ന് കുവൈത്തിൽ വിതരണ ചെയ്യുന്ന കമ്പനി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയെയും അറിയിച്ചതായും എംഎല്‍എ വ്യക്തമാക്കി. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്‍റെ ഐസിഎംആറിന്‍റെ അനുമതി ആവശ്യമുള്ളതിനാൽ അതിന് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കിറ്റ് ഉപയോഗിക്കുന്നതിനുള്ള അനുമതി വൈകാതെ ലഭിച്ചേക്കും.

ചൈനയിൽ നിർമിച്ച് ആഗോള തലത്തിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഈ കിറ്റ് സാധാരണക്കാർക്കു പോലും ഉപയോഗിക്കാൻ സാധിക്കും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ചൈനയിലും കുവൈത്തിലും വിജയകരമായി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിൽ കൊറോണ ബാധ തടയുന്നതിന് ഈ കിറ്റ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു മെഷീനും ഒരു പ്രത്യേക ദ്രാവകവും രക്തം എടുക്കുന്നതിനുള്ള ഉപകരണവുമാണ് ഒരു കിറ്റില്‍ അടങ്ങിയിട്ടുള്ളത്. ഈ ദ്രാവകവും രക്തവും മെഷീനിലെ നിശ്ചിത സ്ഥലത്ത് നിക്ഷേപിച്ചാൽ 15 മിനിറ്റിനകം പരിശോധനാ ഫലം മെഷീനിൽ ദൃശ്യമാകും. ആയിരം രൂപയിൽ താഴെ മാത്രമാണ് ഇതിന്‍റെ ചെലവ് എന്നതും ഇതിന്‍റെ പ്രചാരം വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് ഇത് എത്തിക്കാന്‍ കഴിഞ്ഞാൽ ആളുകളുടെ ആശങ്ക അകറ്റാനും രോഗം എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ എത്തിക്കാനും സഹായകമാകുമെന്നും അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി.

റാപ്പിഡ് ടെസ്റ്റ് കിറ്റിനെ പരിചയപ്പെടുത്തുന്ന വീഡിയോ സഹിതം ഫെയ്സ്ബുക്കിലൂടെയാണ് അൻവർ സാദത്ത് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം..:

കൊവിഡ് രോഗ ഭീതിയിലാണ് നമ്മുടെ നാടും നഗരവും.ഇന്ന് കേരളത്തിൽ ആദ്യമായി ഒരു മരണം റിപ്പോർട്ട്‌ ചെയ്തിരിക്കയാണ്. ഇനി ഒരു മരണം ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം അതുപോലെ ജാഗ്രതയോട് കൂടി മുന്നോട്ട് പോകാം. സമൂഹവ്യാപന ഘട്ടത്തിലേക്ക് വൈറസ് എത്തിയോ എന്നതാണ് ഓരോ ദിവസവും നമ്മെ അലട്ടുന്ന പ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും. കാര്യങ്ങൾ ഒരുപക്ഷേ കൈവിട്ടുപോകും. രോഗ നിർണയത്തിനുളള കാലതാമസമാണ് നിലവിലെ പ്രധാന വെല്ലുവിളി. അതുകൊണ്ട് നമ്മൾ ഓരോ വ്യക്തികളും ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജാഗ്രതയോട് കൂടി മുന്നോട്ട് പോണം.നമ്മുടെ വൈറോളജി ലാബുകളിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചാലും ഒന്ന് രണ്ട് ദിവസങ്ങൾക്കുശേഷമാകും ഫലം കിട്ടുക. അപ്പോഴേക്കും രോഗം മറ്റുളളവരിലേക്ക് കൂടുതൽ പടരാൻ സാധ്യത ഉള്ളതാണ്. രോഗ നിർണയം വേഗത്തിലാക്കുക എന്നതാണ് ഇതിനുളള പ്രധാന പോംവഴി. ആദ്യം ചൈനയിലും പിന്നീട് കുവൈറ്റിലും വിജയകരമായി പരീക്ഷിച്ച റാപി‍ഡ് ടെസ്റ്റിന്‍റെ കാര്യം ഏതാനം ദിവസം മുമ്പ് ഞാൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രക്ത പരിശോധനയിലൂടെ 15 മിനിറ്റ് കൊണ്ട് രോഗ നിർണയം സാധ്യമാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. നമ്മുടെ രാജ്യത്ത് ഇത് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ICMR- ന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനുവേണ്ടി ശ്രെമിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഇന്നലെ വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ രോഗ നിർണയത്തിനുളള റാപിഡ് ടെസ്റ്റ് സംസ്ഥാനത്തും ഉടൻ എത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടു.എന്റെയും കൂടി നിർദേശം പരിഗണിക്കപ്പെട്ടതിൽ പൊതുപ്രവർത്തകനെന്ന നിലയിൽ വലിയ അഭിമാനം തോന്നി. കോവിഡ്-19 മഹാമാരിയെ തുരത്താൻ നാമെല്ലാവരും ഒന്നായി മുന്നിട്ടിറങ്ങേണ്ട സമയമാണിത്. രോഗ നിർണയത്തിനുളള റാപിഡ് ടെസ്റ്റ് നമ്മുടെ നാട്ടിലേക്ക് വേഗത്തിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് സഹായവും നൽകാൻ എളിയ പൊതു പ്രവർത്തകനെന്ന നിലയിൽ ഞാൻ തയാറാണ്. റാപിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈറ്റിലെ ബന്ധപ്പെട്ടവരുമായി ഞാൻ സംസാരിച്ചിരുന്നു. സർക്കാർ അനുമതി കിട്ടിയാൽ പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തിക്കാൻ അവർ തയാറുമാണ്. ഇക്കാര്യത്തിലെ നടപടികൾ വേഗം പൂ‍ർത്തിയാക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. നടപടികൾ വേഗം പൂ‍ർത്തിയാക്കിയാൽ കുവൈറ്റിലെ ഒരു സ്ഥാപനത്തെ കൊണ്ട് പതിനായിരം കിറ്റ് സ്പോൺസർ ചെയ്യിപ്പിച്ച് എത്രയും വേഗം കേരളത്തിൽ എത്തിക്കുന്നതാണ്. ഈയവസരം നാം പ്രയോജനപ്പെടത്തണം. പ്രത്യേകിച്ചും ഏതു നിമിഷവും കൊറോണ വൈറസ് നമ്മെ കടന്നാക്രമിക്കുമെന്ന ഈ ഘട്ടത്തിൽ. നിലവിലെ രോഗ നി‍ർണയം എളുപ്പമാക്കുന്ന റാപിഡ് ടെസ്റ്റിന്‍റെ വീഡിയോയും ഇതോടൊപ്പം പോസ്റ്റുചെയ്യുന്നു. കൊവിഡ് രോഗത്തെ നമുക്കൊന്നായി ചെറുത്ത് തോൽപ്പിക്കാം. പരിഭ്രാന്തിയല്ല ജാഗ്രതയും വേഗത്തിലുളള രോഗ നി‍ർണയവുമാണ് ഈ ഘട്ടത്തിൽ നമ്മുടെ നാടിന് വേണ്ടത്. നമുക്കൊന്നായി വിശ്വസിക്കാം, ഒന്നിനും നമ്മെ കീഴടക്കാനാകില്ല. ഒരൊറ്റ ജനതയായി നാം കൊവിഡ് മഹാമാരിയെ തോൽപ്പിക്കും.ഇത് വരെ നമ്മുടെ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്

Covid 19Anwar Sadath MLARapid Test Kitcorona
Comments (0)
Add Comment