കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; 5 ലക്ഷം ഫോളോവേഴ്സ്

 

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്‍റെ മകള്‍ അഞ്ചു ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബ് താരം. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാർ, ഭാര്യ എം.ആർ. അനിതകുമാരി, മകള്‍ പി. അനുപമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക് 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോർട്‌സുമാണ്കൂടുതലും. ഇത്തരത്തിലുള്ള 381 വീഡിയോകള്‍ ഇംഗ്ലീഷ് അവതരണത്തോടു കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പാണ് അവസാന വീഡിയോ ചെയ്തിരിക്കുന്നത്. ഷോർട്സില്‍ കൂടുതലും വളർത്തു നായകള്‍ക്കൊപ്പമുള്ളതും ഫാം ഹൗസിലെ ദൃശ്യങ്ങളുമാണ്. ഇൻസ്റ്റഗ്രാമിൽ 14,000 പേർ അനുപമയെ ഫോളോ ചെയ്യുന്നുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽനിന്നാണ് പത്മകുമാറും ഭാര്യയും മകളും പോലീസ് പിടിയിലായത്. ഇവരെ പത്ത് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. മകളുടെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോക്കിലേക്ക് നയിച്ചതെന്നായിരുന്നു പത്മകുമാറിന്‍റെ ആദ്യ മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ ഇതുമായി ബന്ധമില്ലെന്നാണ് മനസിലാകുന്നത്. അല്‍പസമയത്തിനകം എഡിജിപി മാധ്യമങ്ങളെ കാണും.

Comments (0)
Add Comment