അനുജിത്തിന്‍റെ ഭാര്യക്ക് സർക്കാർ ജോലിയും ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Friday, July 24, 2020

തിരുവനന്തപുരം: ബൈക്കപടകത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്‍റെ കുടുംബത്തിന്‍റെ അതിദയനീയ സാഹചര്യവും  സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച് ഭാര്യക്ക് സർവീസില്‍ ജോലിയും  പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപയും സർക്കാർ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂർണരൂപം

ബൈക്കപടകത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര, കുളക്കട ഉത്രാടം വീട്ടില്‍ അനുജിത്തിന്റെ അവയവദാന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ കത്ത്. അനുജിത്തിന്റെ വിധവ പ്രിന്‍സിയുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണ് ഈ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഗുരുതരാവസ്ഥയിലുള്ള 8 രോഗികള്‍ക്കാണ് ഇതിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്. എന്നാല്‍ ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണ്. അനുജിത്തിന്റെ ഭാര്യ പ്രിന്‍സിയും 3 വയസ്സുള്ള മകന്‍ എഡ്വിനും അനുജിത്തിന്റെ മരണത്തോടെ കടുത്ത പ്രതിസന്ധിനേരിടുകയാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന അനുജിത്തിന്റെ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വീട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയും ഇവര്‍ക്കുണ്ട്. മകന്റെ വിദ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടിവരും. ഈ കുടുംബത്തിന്റെ അതിദയനീയ സാഹചര്യവും, സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച് പ്രിന്‍സിഅനുജിത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുയോജ്യമായ ഒരു ജോലി നല്‍കണമെന്നും, ഈ കുടുംബത്തിന്റെ വായ്പാബാധ്യത പരിഹരിക്കുന്നതിനുള്ള പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി.