‘അനു സംസ്ഥാന സര്‍ക്കാരിന്‍റെയും പി.എസ്.സിയുടെയും പിടിവാശിയുടെ ബലിയാട്’ : ഉമ്മന്‍ ചാണ്ടി

 

പി.എസ്.സിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന പി.എസ്.സിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അന്ധമായ നിലപാട്  45 ലക്ഷത്തോളം വരുന്ന തൊഴില്‍രഹിതരായ യുവാക്കളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. റാങ്ക്‌ ലിസ്റ്റിന്‍റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമനം നടത്തുകയാണ്. ഇത്  യുവമനസുകളെ സ്തോഭജനകമാക്കിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പി.എസ്.സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. അനുവിന്‍റെ റാങ്ക് 77. നൂറു പേര്‍ക്ക് പോലും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കിയില്ല. ഇത് ഉദ്യോഗാര്‍ത്ഥികളോട് കാട്ടിയ കൊടിയ വഞ്ചന തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂണിഫോമുള്ള പൊലീസ്, എക്‌സൈസ് തുടങ്ങിയ തസ്തികകളില്‍ പി.എസ്.സി ലിസ്റ്റിന്‍റെ കാലാവധി ഒരു വര്‍ഷം എന്നും മറ്റ് ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം എന്നും ഇടതുസര്‍ക്കാര്‍ എടുത്ത കടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. മൂന്ന് വര്‍ഷം പൂര്‍ത്തിയായ പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ റദ്ദ് ചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല.

എന്നാല്‍, പി.എസ്.സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യു.ഡി.എഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരുന്നു യു.ഡി.എഫ് നയം. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ നിലവിലുള്ള ലിസ്റ്റ് സ്വാഭാവികമായും നാലരവര്‍ഷം വരെ നീളുമായിരുന്നു. ഇതിന് ഒരു നിവേദനം പോലും ആവശ്യമായിരുന്നില്ല. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കൊവിഡ് മൂലം പുതിയ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പി.എസ്.സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Comments (0)
Add Comment