പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

 

തൊടുപുഴ : പുരാവസ്തുക്കൾ മോഷണം നടത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട സംഘം അറസ്റ്റിൽ. തൊടുപുഴയ്ക്ക് സമീപം ഉപ്പുകുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ പുരാവസ്തു ശേഖരത്തിൽ നിന്നാണ് മോഷണം നടത്തിയത്. കരിഞ്ചന്തയിൽ ഉയർന്ന വില ലഭിക്കുന്ന വസ്തുക്കൾ ശേഖരിക്കാനാണ് പുരാവസ്തുക്കൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

നടരാജ വിഗ്രഹം ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ മോഷണം നടത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നൂർ സ്വദേശി വിഷ്ണു ബാബുവും സംഘവുമാണ് കരിമണ്ണൂർ പൊലീസിന്‍റെ പിടിയിലായത്. ഉപ്പുകുന്നിലെ ആളൊഴിഞ്ഞ പ്രദേശത്തെ പഴയ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാവസ്തു ശേഖരത്തിൽ നിന്നാണ് ആറംഗ സംഘം മോഷണം നടത്തിയത്. ഉപ്പുകുന്ന് സ്വദേശി ജോൺസന്‍റെ ശേഖരത്തിൽ ഉണ്ടായിരുന്ന വാൽവ് റേഡിയോ ഗ്രാമഫോൺ പഴയ ടി.വി, നടരാജ വിഗ്രഹം തുടങ്ങിയവയാണ് സംഘം മോഷ്ടിച്ചത്. ഇറിഡിയം, റെഡ് മെർക്കുറി തുടങ്ങി കരിഞ്ചന്തയിൽ വൻ വിലയുള്ളവ പുരാവസ്തുക്കൾക്കുള്ളിൽ നിന്ന് കണ്ടെത്താനാണ് മോഷണമെന്നാണ് പൊലീസിന്‍റെ നിഗമനം. പുതിയ വീട് നിർമ്മിച്ചപ്പോൾ കഴിയാവുന്നത്ര പുരാവസ്തുക്കൾ വീടിന് സമീപത്തെ കെട്ടിടത്തിലേക്ക് ജോൺസൻ മാറ്റിയിരുന്നു. വേഗത്തിൽ എടുത്തുകൊണ്ട് പോകാൻ കഴിയാത്തവ പഴയ വീട്ടിലാണ് ജോൺസൺ സൂക്ഷിച്ചിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ രാത്രിയിൽ എത്തി മോഷണം നടത്തുകയായിരുന്നു.

 

 

പരാതിയെ തുടർന്ന് സി.സി ടി.വിയും മൊബൈലും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സി.പി.എം നേതാവ് ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലായത്. പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന മോഷ്ടിച്ച വസ്തുക്കളുടെ ഒരു ഭാഗം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെടുക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ബ്രാഞ്ച് സെക്രട്ടറി വിഷ്ണുവിനെ സി.പി.എം പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു.

Comments (0)
Add Comment