ഹർത്താൽ ദിനത്തിൽ കടകൾ തുറക്കും, വാഹനം ഓടിക്കും : വ്യാപാരി ഹർത്താൽ വിരുദ്ധ സമിതി

Jaihind Webdesk
Thursday, December 20, 2018

Harthal-Virudha-Kuttayma

ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും വാഹനം ഓടിക്കാനും വ്യാപാരികളുടെ ഹർത്താൽ വിരുദ്ധ സമിതിയുടെ തീരുമാനം. 36 സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. അതേസമയം ജനുവരിയിൽ നടക്കുന്ന ദേശീയ പണിമുടക്കിലെ നിലപാടിന്‍റെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല. തീരുമാനം പിന്നീട് അറിയിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്‌ ടി. നസറുദ്ദീൻ കോഴിക്കോട് വ്യക്തമാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി സമിതി, ചേമ്പർ ഓഫ് കോമേഴ്‌സ്, ബസ് ലോറി അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി 36 സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട് വ്യാപാര ഭവനിൽ നടന്ന ഹർത്താൽ വിരുദ്ധ യോഗത്തിൽ പങ്കെടുത്തത്. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും വാഹനം ഓടിക്കാനും യോഗത്തിൽ തീരുമാനാമായി. മിന്നൽ ഹർത്താൽ അനുവദിക്കില്ല. 2019 വർഷം ഹർത്താൽ വിരുദ്ധ വര്‍ഷമായിരിക്കുമെന്നു സമിതി വ്യക്തമാക്കി.

അതേസമയം ജനുവരി 8, 9 തീയതികളിൽ നടത്താൻ തീരുമാനിച്ച ദേശീയ പണിമുടക്കിൽ സ്വീകരിക്കേണ്ട നിലപാടിൽ സമിതിക്കു ഇനിയും വ്യകതതയില്ല.
ജനുവരി രണ്ടാം തിയ്യതി രാഷ്ട്രീയ പാർട്ടികളും മറ്റു ജില്ലാ ഭരണകൂടത്തെയും ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തും. ഈ കോൺവെൻഷനിൽ തീരുമാനം അറിയിക്കുമെന്നും സമിതി വ്യക്തമാക്കി. വ്യാപാരികളുടെ ആവശ്യങ്ങൾക്ക് കട അടച്ചിടുന്ന കാര്യത്തിലും നിലപാട് വ്യക്തമാക്കാൻ ഹർത്താൽ വിരുദ്ധ സമിതിക്കു സാധിച്ചില്ല.