കര്‍ഷക വിരുദ്ധ നിയമം ഫെഡറല്‍ സംവിധാനങ്ങള്‍ക്കെതിരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, October 10, 2020

ഫെഡറല്‍ സംവിധാനങ്ങളുടെ കടയ്‌ക്കല്‍ കത്തിവെച്ചാണ്‌ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിയമം പാസാക്കിയതെന്ന്‌ കെ.പി.സി.സി. പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ്‌ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌. കര്‍ഷക താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണ്‌ ഈ നിയമം.സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്‌ കൃഷി.എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല.വിശദമായ ചര്‍ച്ച പാര്‍ലമെന്‍റില്‍ നടത്താന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല.ബില്‍ വോട്ടിനിടാതെ പാസാക്കണമെന്നതില്‍ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. നെഹ്രുവിന്റെ കാലം മുതല്‍ പിന്തുടര്‍ന്നു വന്ന പാര്‍ലമെന്റിന്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യത്തെയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചവിട്ടിമെതിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കര്‍ഷക ദ്രോഹം നടത്തുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കാര്‍ബണ്‍ കോപ്പിയാണ്‌ കേരള മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരായ സമരമുഖത്ത്‌ കമ്യൂണിസ്റ്റുകാരെ കാണാനില്ല.ചങ്ങാത്ത മുതലാളിത്ത മൂലധന ശക്തികളുമായിട്ടാണ്‌ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബന്ധം.ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത്‌ചെയ്‌തില്ല.രണ്ടു പ്രളയങ്ങളിലായി 17000 കോടിയുടെ കൃഷിനാശം ഉണ്ടായിട്ടും നഷ്ടപരിഹാരം നല്‍കിയില്ല.കുട്ടനാട്‌,ഇടുക്കി,വയനാട്‌ പാക്കേജുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി.കര്‍ഷകരെ കൊള്ളപശിയക്ക്‌ എറിഞ്ഞു കൊടുത്തു. എന്നും കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഖേതി ബച്ചാവോ എന്ന മുദ്രാവാക്യമാണ്‌ കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്നത്‌. കര്‍ഷക ദ്രോഹ ബില്ലിനെതിരെ ഇരുസഭകളിലും അതിന്‌ പുറത്തും കോണ്‍ഗ്രസ്‌ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും രേഖപ്പെടുത്തി. കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക രക്ഷായാത്രക്ക്‌ അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധനേടാന്‍ സാധിച്ചു.

കര്‍ഷക ദ്രോഹ ബില്ലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി.കര്‍ഷകന്‌ ഏറെ ആശ്വാസം നല്‍കിയിരുന്ന താങ്ങുവില പരിപൂര്‍ണ്ണമായും ഈ നിയമത്തിലൂടെ ഇല്ലാതാക്കി. കര്‍ഷകനെ സംരക്ഷിക്കുന്നതിന്‌ വേണ്ടി കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌ താങ്ങുവില നടപ്പാക്കിയത്‌.അതിനെയാണ്‌ മോദി അട്ടിമറിച്ചത്‌. കരാര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും അനുമതി നല്‍കി. ലോകത്ത്‌ പരാജയപ്പെട്ട പരീക്ഷണമാണ്‌ കാരാര്‍ കൃഷി.കര്‍ഷകന്‍ എന്ത്‌ കൃഷി എങ്ങനെ ചെയ്യണമെന്ന്‌ കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.

കര്‍ഷകന്റെ ഉത്‌പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പാക്കുന്ന എം.എസ്‌.സ്വാമിനാഥര്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കി.ഇത്‌ കര്‍ഷകന്‌ ലാഭം ഉറപ്പാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച ശാന്തകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില തന്നെ ബിജെപി ഇല്ലായ്‌മ ചെയ്‌തു. ഇതിലൂടെ ഒന്നര ലക്ഷം കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്ന പിന്തിരിപ്പന്‍ നയമാണ്‌ പ്രധാനമന്ത്രി പിന്തുടരുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്ത്‌ 80 ശതമാനവും ചെറുകിട കര്‍ഷകരാണ്‌. കാര്‍ഷിക ഉത്‌പന്നങ്ങള്‍ അതത്‌ മേഖലകളില്‍ വില്‍പ്പന നടത്തിയിരുന്ന കര്‍ഷകന്‌ അവ വിറ്റഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക്‌ എവിടെ വേണമെങ്കിലും വില്‍പ്പന നടത്താന്‍ സാധിക്കും.എന്നാല്‍ ഒരു ചെറുകിട കര്‍ഷകന്‌ ഇത്‌ അമിത സാമ്പത്തികഭാരം ഉണ്ടാക്കുന്നതാണ്‌.എപിഎംസി ആക്ട ഇല്ലാതാക്കിയത്‌ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.