പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. രാജ്യത്ത് ഇപ്പോള്‍ സിഎഎയ്ക്കെതിരായി അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ ജനങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമാണെന്നും അല്ലാതെ മുസ്ലീങ്ങള്‍ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന വെറും പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മറ്റ് പ്രശ്നങ്ങളെല്ലാം മാറ്റിവച്ച് ഒരു രാജ്യത്തെ ജനത ഒത്തൊരുമിച്ച തെരുവില്‍ ഇറങ്ങിയിരിക്കുന്നത് അവരുടെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് കാരണം അതിന്‍റെ പ്രാധാന്യം അവർ മനസ്സിലാക്കിയത് കൊണ്ടാണ്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ആളുകള്‍ ഇനിയും പഠിക്കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഇത് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ ബാധിക്കില്ലെന്നാണ്. അപ്പോള്‍ ഇതാരെയാണ് ബാധിക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഷാഹീന്‍ബാഗില്‍ രണ്ട് മാസമായി സ്ത്രീകള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുകയാണ്.