പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാധ്യക്ഷക്കെതിരെ വൈസ് ചെയര്‍മാന്‍; സി.പി.എമ്മിലെ വിഭാഗീയത തുറന്ന പോരിലേക്ക്

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം കണ്ണൂർ നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത  ആന്തൂർ  നഗരസഭാ ഭരണനേതൃത്വത്തിലും. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരെ വൈസ് ചെയർമാൻ ഷാജു ഫേസ് ബുക്ക് പോസ്റ്റിട്ടു. തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണമെന്നും വാദിച്ച് ജയിക്കാൻ നിൽക്കരുതെന്നും നഗരസഭാധ്യക്ഷക്കെതിരെ ഷാജു പരോക്ഷ വിമർശനമുന്നയിച്ചു.

ഇന്നലെ രാത്രിയാണ് ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ ഷാജു, ഷാജു കൊമ്രേഡ് എന്ന പേരിലുള്ള തന്‍റെ ഫേസ് ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ഇട്ടത്. ‘തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം, അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്, അത് ഞാനായാലും’ എന്നായിരുന്നു ഷാജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഷാജുവിന്‍റെ പോസ്റ്റ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാൻ ഷാജു തയാറായിരുന്നില്ല.

സി.പി.എം സംസ്ഥാന നേതൃത്വത്തിലടക്കം വിഷയം ചർച്ചയാവുകയും കണ്ണൂരിലെ നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തു. ഇതിനിടയിലാണ് വൈസ് ചെയർമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിഷയത്തിൽ പി ജയരാജന്‍റെ നിലപാടുകളെ പരോക്ഷമായി പിന്തുണക്കുകയാണ് ഷാജു ചെയ്തിരിക്കുന്നത്. വൈസ് ചെയർമാന്‍റെ ഫേസ്ബുക്ക് അണികൾക്കിടയിലും ചർച്ചയായി. ഈ നിലപാടിനെ പിന്തുണച്ച് നിരവധി  സി.പി.എം പ്രവർത്തകർ അഭിപ്രായങ്ങളും ഷാജുവിന്‍റെ പോസ്റ്റിന് താഴെ രേഖപ്പെടുത്തി.

വിവാദവും, അതിനെ തുടർന്നുണ്ടായ ഫേസ്ബുക്ക് പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെ ഷാജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി. ഷാജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമർശനം സി.പി.എമ്മിലെ കടുത്ത ഭിന്നതയാണ് വ്യക്തമാക്കുന്നത്.

Shaju Comradeanthoor suicidep.k syamala
Comments (0)
Add Comment