പെരിയ ഇരട്ട കൊലകേസ് ഹൈക്കോടതിയിൽ നിന്നും സർക്കാരിന് വീണ്ടും പ്രഹരം; സിബിഐ അന്വേഷണത്തിന് എതിരായ അപ്പീലിൽ സ്റ്റേ അനുവദിച്ചില്ല

Jaihind News Bureau
Tuesday, October 29, 2019

പെരിയ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. കുറ്റപത്രത്തിൽ പോരായ്മകൾ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന ഖജനാവിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം ചെലവഴിച്ചാണ് സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ സർക്കാറിന് വേണ്ടി വാദിക്കാനെത്തിച്ചത്. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൂർണമായ കേസ് ഡയറി ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസ് സിബിഐക്കു വിടാനുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കേസിന്‍റെ കുറ്റപത്രത്തിൽ പോരായ്മകളുണ്ട് എന്ന സിംഗിൾ ബെഞ്ച് കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവുണ്ടാകുന്നത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് വാളുകൊണ്ട് വെട്ടിയപ്പോഴുള്ള മുറിവും മരണകാരണമായിട്ടുണ്ടാകാം എന്നായിരുന്നു സർക്കാർ കോടതിയിൽ നൽകിയ മറുപടി.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്‍റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. കേസ് സിബിഐക്കു കൈമാറരുതെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.

കേസിൽ സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ 25 ലക്ഷം രൂപ നൽകി കൊണ്ടു വന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി ഹൈക്കോടതിയിൽ എത്തിച്ചതും വിമർശനം ഉയർത്തിയിരുന്നു. അന്ന് സിംഗിൾ ബെഞ്ചിന്‍റെ വിധിയെ മറികടന്നതു പോലെ പെരിയ കേസിലും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.