കേരള ബാങ്കില്‍ സർക്കാരിന് തിരിച്ചടി ; ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് നീട്ടി ഹൈക്കോടതി ഉത്തരവ്

 

കൊച്ചി : കേരള ബാങ്കിൽ സർക്കാരിന് വീണ്ടും തിരിച്ചടി. കേരള ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് 3 ആഴ്ചത്തേക്ക് ഹൈക്കോടതി നീട്ടിവെച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേരള ബാങ്കിന് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ സഹകരണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അടുത്ത മാസം 25 നായിരുന്നു ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ഉചിതമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ഇടപെടലോടെ ഇത് അനിശ്ചിതമായി നീളാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ സുബ്രഹ്മണ്യൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. കേരള ബാങ്കിന് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും  പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനുളള നീക്കം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേരള ബാങ്ക് രൂപീകരണത്തിനെതിരായി വലിയ നിയമപോരാട്ടങ്ങൾ നടന്നിരുന്നു.

ഹർജിക്കാരും സർക്കാരും ചൂണ്ടിക്കാണിച്ച നിയമപരമായ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടി വേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Add Comment