കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയാ പിഴവ്. കൈയ്ക്ക് പൊട്ടലുമായെത്തിയ രോഗിയുടെ കൈയില്‍ കമ്പി മാറിയിട്ടു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പരാതിപ്പെടുകയായിരുന്നു. വീണ്ടും ശസ്ത്രക്രിയ നടത്താമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും എതിർപ്പ് അറിയിച്ചതോടെ ഡോക്ടർ ദേഷ്യപ്പെട്ടതായും രോഗിയുടെ ബന്ധുക്കള്‍ പറയുന്നു.
കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സർജറി മാറി ചെയ്തത്. 24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. തങ്ങൾ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യിലിട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയിരുന്നു. എന്നാല്‍ അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൈയുടെ വേദന അസഹ്യമായപ്പോള്‍ അജിത്തിന് വീണ്ടും അനസ്തേഷ്യ നൽകുകയും ചെയ്തു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്. ഇതില്‍ അന്വേഷണം നടക്കുകയാണ്. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.