മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 22 മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു, ഗുരുതര പരുക്കുകളോടെ ഒരാള്‍ മെഡിക്കല്‍ കോളേജില്‍

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് ഇന്ന് രാവിലെ വീണ്ടും അപകടത്തിൽപ്പെട്ടു. നിരവധി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഹസനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹസൻ അബോധാവസ്ഥയിലാണ്. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. കടലിലേക്ക് വീണ വള്ളത്തിലെ വലകൾ എടുക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടെയാണ് വള്ളം മറിഞ്ഞ് 22 തൊഴിലാളികൾ കടലിലേക്ക് വീണത്.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ലിജുവിന്‍റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന വള്ളവും  അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട വള്ളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റു മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ രക്ഷിച്ചു. പരുക്കേറ്റ അനസ്, ജിജോ, ഒറീസ സ്വദേശി വിജീഷ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വള്ളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

Comments (0)
Add Comment