‘പിന്‍മാറില്ല’; അടുത്ത 14 ദിവസം ലാന്‍ഡറുമായുളള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരും: കെ ശിവന്‍

Jaihind Webdesk
Saturday, September 7, 2019

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. അടുത്ത 14 ദിവസം ഇതിനായുളള ശ്രമങ്ങള്‍ തുടരും. സോഫ്റ്റ് ലാന്‍ഡിംഗിന്റെ നാലുഘട്ടങ്ങളില്‍ അവസാനത്തേതിന് മാത്രം പിഴവ് സംഭവിച്ചുവെന്നും ശിവന്‍ പറഞ്ഞു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. അവസാന ഘട്ട പ്രവര്‍ത്തനത്തിന്റെ നിര്‍വഹണത്തില്‍ പോരായ്മകള്‍ സംഭവിച്ചു. ഇതിന്റെ ഫലമായി ലാന്‍ഡറുമായുളള ബന്ധം നഷ്ടപ്പെട്ടു.തുടര്‍ന്ന് ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും കെ ശിവന്‍ പറഞ്ഞു.

ചന്ദ്രയാന്‍ 2 രണ്ടിന് ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ യാതൊരു പ്രതിഫലനവുമുണ്ടാക്കില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായി സോഫ്റ്റ് ലാന്റിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള കമ്യൂണിക്കേഷന്‍ നഷ്ടമാകുകയായിരുന്നു.

എല്ലാം കൃത്യമായി പോയിരുന്നു എന്നാല്‍, പെട്ടന്നാണ് സിഗ്‌നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് ആപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്‌നല്‍ നഷ്ടപ്പെടുന്നത്. ലാന്‍ഡര്‍ ദിശ മാറി സഞ്ചരിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്‌നല്‍ നഷ്ടമായ കാര്യം ഐഎസ്ആർഒ ചെയര്‍മാന്‍ സ്ഥിരീകരിച്ചത്.

അഞ്ച് എഞ്ചിനുകളാണ് ലാന്‍ഡറിനുള്ളത്. ചന്ദ്രനോട് അടുത്താല്‍ വളരെ പതുക്കെയാണ് താഴേക്ക് ഇറക്കുക. അഞ്ച് എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഇത്. ഇങ്ങനെ താഴോട്ട് ഇറക്കുന്ന സമയത്താണ് പാളിച്ച പറ്റിയത്. സിഗ്‌നല്‍ നഷ്ടമായതോടെ കൃത്യമായി താഴോട്ട് ഇറക്കാന്‍ സാധിക്കാതെ വന്നു.