അനിതാ പുല്ലയിലിന്‍റെ സഭാ മന്ദിര പ്രവേശനം: വീഴ്ച തന്നെയെന്ന് സ്പീക്കര്‍; നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

Jaihind Webdesk
Friday, June 24, 2022

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി മലയാളി അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് സ്പീക്കർ എം.ബി രാജേഷ്. സംഭവവുമായി ബന്ധപ്പെട്ട് നാല് കരാർ ജീവനക്കാര്‍ക്കെതിരെ  നടപടിയെടുത്തതായും സ്പീക്കർ അറിയിച്ചു. സഭാ ടിവിയുടെ കരാർ ജീവനക്കാരായ  പ്രവീൺ, വിഷ്ണു, ഫലീല, വിപുരാജ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

‘ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയത്. സഭാ ടിവിയുടെ സാങ്കേതിക സേവനം നൽകുന്ന ടീമിലെ ജീവനക്കാരിക്കൊപ്പമാണ് കയറിയത്. അവര്‍ സഭാ വളപ്പില്‍ കയറിയത് വീഴ്ചയാണ്. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പാസില്ലാതെ കയറിയവർക്കെതിരെ കേസെടുത്ത അനുഭവമില്ല. അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാച്ച് ആന്‍റ് വാർഡിന് അനിതയെ അറിയില്ലായിരുന്നു. ഇതും വീഴ്ചയാണ്’ – സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.

അനിതാ പുല്ലയില്‍ ഇടനാഴിയിൽ കയറിയതും സഭാ ടി.വി റൂമിൽ കയറിയതിന്‍റെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എന്നാല്‍ ലോകകേരള സഭയുടെ പരിസരത്ത് എത്തിയിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.  500 പാസുകളാണ് ഓപ്പൺ ഫോറത്തിനായി ആകെ വിതരണം ചെയ്തിരുന്നതെന്നും സ്പീക്കർ അറിയിച്ചു. എന്തായാലും വിവാദമായ അനിതാ പുല്ലയില്‍ വിഷയം കരാര്‍ ജീവനക്കാരുടെ വീഴ്ചയെന്നാണ് കണ്ടെത്തല്‍.