ഉത്ര വധം: പാർട്ടി അംഗമായ പ്രതി സൂരജിനെ രക്ഷിക്കാന്‍ സിപിഎം നിയമവ്യവസ്ഥ അട്ടിമറിച്ചു: അനിൽ തോമസ്

Jaihind News Bureau
Wednesday, May 27, 2020

 

പത്തനംതിട്ട : ഉത്ര കൊലപാതക കേസിൽ പാർട്ടി അംഗമായ സൂരജ് എസ് കുമാറിനെ രക്ഷിക്കാൻ സിപിഎം നിയമവ്യവസ്ഥ അട്ടിമറിച്ചുവെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ്  അനിൽ തോമസ്. ഉത്രയുടെ മാതാപിതാക്കളിൽ നിന്നും ഉത്രയുടെ മകനെ പിടിച്ചെടുക്കുന്നതിലൂടെ അവരെ വരുതിയിലാക്കാമെന്നും കേസ് അട്ടിമറിക്കാമെന്നുമാണ് സിപിഎം ധരിച്ചത്. അതിനുവേണ്ടി കുട്ടിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ സിപിഎം നേതാവും ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനുമായ കെ.പി സജിനാഥിന് സൂരജ് പരാതി കൊടുത്തിരുന്നു. പരാതി നൽകിയ മെയ് 18 നു തന്നെ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ CWC/KLM/7171/20 നമ്പരായ ഉത്തരവ്‌ നൽകി കുട്ടിയെ പിടിച്ചെടുക്കുകയാണ് സിപിഎം ഇടപെടലിലൂടെ ശിശുക്ഷേമസമിതി ചെയ്തതെന്ന് അനിൽ തോമസ് ആരോപിച്ചു.

ഇന്ത്യയിലെതന്നെ ശിശുക്ഷേമ സമിതിയുടെ പ്രവർത്തന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ചട്ടലംഘനവും നിയമലംഘനവുമാണ് ഇതിനായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി നടത്തിയത്. ഉത്തരവിന്‍റെ  മറവിൽ കുടുംബാംഗങ്ങളെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊലീസ് ബന്ധുക്കളെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പ്രതി സൂരജ്, അമ്മ, പറക്കോട് നിന്ന് വന്ന ആറംഗ ഡിവൈഎഫ്ഐ പ്രവർത്തകർ എന്നിവരടങ്ങിയ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയതെന്നും അനിൽ തോമസ് പറഞ്ഞു.

കൊവിഡ്-19 കാലത്ത് പ്രത്യേകിച്ചും എല്ലാവിധ മാനദണ്ഡങ്ങളും നിയമവ്യവസ്ഥയും കാറ്റിൽ പറത്തിക്കൊണ്ടാണ് അഞ്ചൽ പൊലീസ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈമാറിയത്. ശിശുക്ഷേമ സമിതിയുടെ അധികാരപരിധിയിൽ ഇല്ലാത്ത ഒരു വിഷയത്തിൽ ഇരുഭാഗത്തിന്റെയും മൊഴിയെടുക്കാതെയും പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ജില്ലാ, ബ്ലോക്ക് തലങ്ങളിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വഴിയോ ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയോ സോഷ്യൽ എൻക്വയറി നടത്താതെയുമാണ് സിപിഎം ഇടപെടലിലൂടെ കുട്ടിയെ പിടിച്ചെടുത്തതെന്നും അനിൽ തോമസ് പറഞ്ഞു.

കുട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ശേഖരിച്ച് കുട്ടിയുടെ പൂർണ സംരക്ഷണം ഉറപ്പു വരുത്തിയശേഷം മാത്രമേ ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാവൂവെന്നും  ശിശുക്ഷേമസമിതി പ്രവർത്തിക്കുന്ന മാനദണ്ഡങ്ങളിലെ ഒന്നാം നടപടിക്രമം വ്യക്തമാക്കുന്നുണ്ട്. അമ്മ മരിച്ചാൽ മൈനറായ കുട്ടിയുടെ സ്വാഭാവിക രക്ഷകർത്താവ് അച്ഛൻ ആണെങ്കിലും കുട്ടിയെ കൈവശം വയ്ക്കുന്നതിന് തടസ്സം ഉണ്ടെങ്കിൽ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് ആക്ട് അല്ലെങ്കിൽ ഗാർഡിയൻ വാർഡ്‌സ് ആക്ട് പ്രകാരം കോടതിയാണ് തീർപ്പ്‌ കല്പിക്കേണ്ടത് എന്നിരിക്കെ സൂരജ് പരാതിനൽകിയ മെയ് 18 ന് തന്നെ ശിശുക്ഷേമ സമിതി തീരുമാനമെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും അനിൽ തോമസ് ആരോപിച്ചു. തനിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതിനു പകരം പാർട്ടിയിൽ നിന്നും കൊലക്കേസ് പ്രതിയായ സൂരജിനെ പുറത്താക്കുകയായിരുന്നു സിപിഎം ചെയ്യേണ്ടിയിരുന്നതെന്നും അനിൽ തോമസ് പറഞ്ഞു.