അനില്‍ ആന്റണി കോൺഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനർ

Jaihind Webdesk
Thursday, January 10, 2019

കോൺഗ്രസിന്റെ ഡിജിറ്റില്‍ അടിത്തറ ശക്തമാക്കാൻ അനില്‍ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കി കെപിസിസി തീരുമാനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.ഡിജിറ്റല്‍ മീഡിയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി നവമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണമാണ് അനില്‍ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബര്‍ തന്ത്രങ്ങളൊരുക്കിയത്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.ശേഷം കര്‍ണാടകത്തിലേയും
രാജസ്ഥാനിലേയും നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിക്ക് നൽകിയിരുന്നു. കേരളത്തിലെ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷം സ്റ്റാന്‍ഫഡില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ അനില്‍ ബിരുദം നേടി.തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കോതിക വിദ്യയാണ് അനിലും സംഘവും ചെയ്തിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ശശി തരൂർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രവർത്തനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കോൺഗ്രസ്.