‘ലൈഫില്‍’ അനിൽ അക്കര എം.എൽ.എയ്ക്ക് വധഭീഷണി : പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി

 

തൃശൂർ : ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ നിയമപരമായ ഇടപെടൽ നടത്തിയതിന് പിന്നാലെ അനില്‍ അക്കര എം.എല്‍.എയ്ക്ക് വധഭീഷണി. എം.എൽ.എയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് കത്ത് നൽകി.

അനിൽ അക്കര എം.എൽ.എയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽനിന്നും പുറകിലോട്ട് പോവില്ലെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രണമാണ് ഇപ്പോൾ എം.എൽ.എയ്ക്ക് നേരെ നടക്കുന്നത്. രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്തേനെ. എന്നാൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പിൽ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ടി.എൻ. പ്രതാപൻ എം.പി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment